കൽപ്പറ്റ: മീനങ്ങാടി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പഠനയാത്രാ വിവാദത്തെത്തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം. സ്‌കൂള്‍ മുറ്റത്താണ് വിദ്യാര്‍ഥികള്‍ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിക്കുന്നത്.

പ്രധാനാധ്യാപകന്‍ ഷിവി കൃഷ്ണനെ സ്‌കൂളിലേക്ക് തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. പഠനയാത്രക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചു എന്നാരോപിച്ചാണ് ആദ്യം വിവാദമുയര്‍ന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പ്രിന്‍സിപ്പലിന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ 12 മണിക്കൂര്‍ കഴിഞ്ഞതുകൊണ്ടാണ് മദ്യത്തിന്റെ അംശം കണ്ടെത്താനാവാഞ്ഞതെന്നും മൂത്ര പരിശോധനയ്ക്ക് പ്രിന്‍സിപ്പല്‍ സമ്മതിക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഒരു വിഭാഗം വിദ്യാര്‍ഥികളും രക്ഷിതാക്കളും ആരോപിച്ചിരുന്നു. അതേസമയം വലിയ ഒരു വിഭാഗം കുട്ടികളും പ്രിന്‍സിപ്പലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ വിനോദയാത്രകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് കാണിച്ച് സര്‍ക്കാര്‍ പ്രധാനാധ്യാപകനെ മീനങ്ങാടി സ്‌കൂളില്‍ നിന്നും സ്ഥലം മാറ്റി ഉത്തരവിട്ടിരുന്നു. വടുവഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കാണ് സ്ഥലംമാറ്റ നടപടി എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *