പാലക്കാട്: കേരളത്തിന് കേന്ദ്രം നൽകേണ്ട ജി.എസ്.ടി. വിഹിതത്തിൽ നിന്ന് 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഒരു കാരണവുമില്ലാതെയാണ് കേന്ദ്രം തുക വെട്ടിക്കുറച്ചത്. നവംബറിൽ ഏകദേശം 1450 കോടി രൂപ കിട്ടേണ്ടതിൽ നിന്നാണ് ഇത്രയും തുക കുറച്ചത്. കേന്ദ്രം തുക വെട്ടിക്കുറച്ചത് സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നതാണെന്നും ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാലക്കാട്ട് നവകേരള സദസ്സിനെത്തിയതായിരുന്നു മന്ത്രി. 29-ന് ഇതുസംബന്ധിച്ച കത്ത് കേന്ദ്രത്തിൽ നിന്ന് ലഭിച്ചു. ഒരു കാരണവും ബോധിപ്പിക്കാതെയാണ് ഈ കുറവ് വരുത്തിയിട്ടുള്ളത്. ഇത് എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്നതാണ്. തുക വെട്ടിക്കുറയ്ക്കരുതെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.കേരളത്തിൽ വിൽക്കുന്ന, പുറത്ത് നിർമിച്ച സാധനങ്ങൾക്ക്‌ അവിടെ ശേഖരിക്കുന്ന ജി.എസ്. ടി.യിൽനിന്ന് കേരളത്തിനു കിട്ടേണ്ട വിഹിതമാണു കുറച്ചത്. കിട്ടാനുള്ള അർഹമായ പല ഫണ്ടും കിട്ടാതിരിക്കുമ്പോഴാണ് ഈ വെട്ടിക്കുറവുകൂടി വരുന്നതെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇവിടെ സംസ്ഥാന സർക്കാർ ചെലവഴിച്ച 6000 കോടി ഉൾപ്പെടെ കേന്ദ്രത്തിൽ നിന്ന് ആകെ 57,000 കോടി രൂപ കിട്ടാനുണ്ടെന്നും അദ്ദേഹം ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *