കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ഒരു വര്‍ഷം മുമ്പേ ആസൂത്രണം നടത്തിയെന്ന് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍. തട്ടിക്കൊണ്ടുപോയ ശേഷം പെണ്‍കുട്ടിയെ ഗുളിക കൊടുത്ത് മയക്കി. അന്വേഷണം ശക്തമായതോടെ കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. പ്രതികളെ പൂയപ്പള്ളി ജയിലിലെത്തിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിക്ക് പെണ്‍കുട്ടിയുടെ പിതാവുമായി ബന്ധമില്ല.

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ഒരു വര്‍ഷം മുമ്പേ ആസൂത്രണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. മുഖ്യപ്രതി പത്മകുമാറിന്റെ ആറുകോടി രൂപയോളം വരുന്ന ആസ്തികള്‍ പണയത്തിലായിരുന്നു. അടിയന്തരമായി പത്മകുമാറിന് 10 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കേണ്ടി വന്നു. അതിനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങിയെടുക്കാന്‍ പദ്ധതിയിട്ടത്. കുറച്ചുമാസങ്ങളായി ഓയൂരില്‍ തട്ടിക്കൊണ്ടുപോകാനുള്ള കുട്ടികള്‍ക്കായുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഓയൂരിലെ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

പത്മകുമാറിന്റെ ഭാര്യ അനിത കുമാരിയാണ് കുട്ടിയെ ആശ്രാമം മൈതാനിയില്‍ എത്തിച്ചതെന്നും എ.ഡി.ജി.പി പറഞ്ഞു. തട്ടിക്കൊണ്ടുപോവുക എന്ന ആശയം അനിത കുമാരിയുടെതായിരുന്നു.

പ്രതിയുടെ മകള്‍ അനുപമ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. യൂട്യൂബ് വിഡിയോകളിലൂടെ അനുപമ പ്രതിമാസം അഞ്ചുലക്ഷം രൂപ വരുമാനമുണ്ടാക്കിയിരുന്നുവെന്നും എ.ഡി.ജി.പി സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *