കണ്ണൂര്‍: വളപട്ടണത്തെ വ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും അയല്‍വാസി ലിജീഷ് സൂക്ഷിച്ചത് സ്വന്തം വീട്ടില്‍ കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കി. വെല്‍ഡിങ് ജോലിക്കാരനാണ് 30കാരനായ ലിജീഷ്. തന്നെ സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ മോഷണശേഷം നാട്ടില്‍ തന്നെ തുടരുകയായിരുന്നു. എന്നാല്‍, സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാളെ ചോദ്യംചെയ്യല്‍ തുടരുകയാണ്.
അഷ്‌റഫിന്റെ വിവരങ്ങളെല്ലാം കൃത്യമായി അറിയുന്ന, വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. പരിശോധനക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയാണ്. ഇയാളെ കഴിഞ്ഞ കുറച്ചു ദിവസമായി പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ പിടികൂടിയത്.
വെല്‍ഡിങ് തൊഴിലാളിയായ ലിജീഷ് തൊഴില്‍ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് ലോക്കര്‍ തകര്‍ത്തത്. വീട്ടിലെ സി.സി.ടി.വിയില്‍ നിന്ന് വീടിനകത്ത് കടന്നത് ഒരാളാണെന്നും ഇയാള്‍ 20നും 21നും രാത്രിയില്‍ വീട്ടില്‍ കടന്നതായും തെളിഞ്ഞിരുന്നു. എന്നാല്‍ സി.സി.ടി.വിയില്‍ മുഖം വ്യക്തമല്ലായിരുന്നു. ജനലും ലോക്കറുമെല്ലാം കൂടുതല്‍ പരിക്കില്ലാതെ കൃത്യമായി മുറിച്ചുമാറ്റിയത് വെല്‍ഡിങ് വൈദഗ്ധ്യമുള്ള ഒരാളാകാം മോഷ്ടാവെന്ന നിഗമനത്തിലെത്താന്‍ പൊലീസിന് സഹായകമായി.
കഴിഞ്ഞമാസം 20നാണ് അരി വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടില്‍ വന്‍ മോഷണം നടന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ മധുരയില്‍ പോയ അഷ്‌റഫും കുടുംബവും നവംബര്‍ 24ന് രാത്രിയില്‍ മടങ്ങിയെത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്ത് മോഷ്ടിച്ചത്.