തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി തിരൂര്‍ സതീഷ്. ഒന്നരക്കോടി രൂപ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചെന്നും ഈ പണം എന്തുചെയ്‌തെന്ന് വെളിപ്പെടുത്തണമെന്നും സതീഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ 9 കോടി രൂപ 6 ചാക്കുകളിലായി കൊണ്ടുവന്നു എന്നതായിരുന്നു തന്റെ മൊഴിയെന്നും തിരൂര്‍ സതീഷ് വ്യക്തമാക്കി.

വെളിപ്പെടുത്തലിന്റെ അനുബന്ധ രേഖകള്‍ തല്‍ക്കാലം പ്രദര്‍ശിപ്പിക്കുന്നില്ല. അത് പൊലീസ് അന്വേഷണത്തെ ബാധിക്കും. കള്ളപ്പണം തടയും എന്നു പറഞ്ഞ് അധികാരമേറ്റ നരേന്ദ്രമോദിയുടെ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിലാണ് കള്ളപ്പണം സൂക്ഷിച്ചത്. പ്രധാനമന്ത്രി പറയുന്നതനുസരിച്ചാണെങ്കില്‍ കള്ളപ്പണം സൂക്ഷിച്ച ജില്ലാ കമ്മിറ്റി പിരിച്ചു വിടേണ്ടതല്ലേയെന്നും സതീഷ് ചോദിച്ചു. താന്‍ കൊണ്ടുവന്ന ഒമ്പത് ചാക്കില്‍ മൂന്ന് ചാക്ക് ജില്ലാ ട്രഷറര്‍ മൂന്നുപേര്‍ക്ക് കൈമാറി.

എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ല. ധര്‍മ്മരാജന്‍ പണം എത്തിച്ച ദിവസം തന്നെയാണ് മൂന്നു ചാക്കുകള്‍ ഓഫീസില്‍ നിന്ന് കൊണ്ടുപോയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഒന്നരക്കോടി രൂപ ഒരു ചാക്കിലും ബിഗ് ഷോപ്പറിലുമായി കൊണ്ടുപോയി. ഈ ഒന്നരക്കോടി ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയത് എവിടേക്കാണ്?. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കയ്യില്‍ ഉണ്ടായിരുന്ന ഒന്നരക്കോടി ആരൊക്കെ ചേര്‍ന്നാണ് വീതം വച്ചത്? ഈ പണം ആരെല്ലാം ചേര്‍ന്ന് വീതം വെച്ചു എന്ന് പൊലീസ് അന്വേഷിക്കണമെന്നും തിരൂര്‍ സതീഷ് ആവശ്യപ്പെട്ടു.

ബിജെപി മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വീണ്ടും കൊടകര കള്ളപ്പണക്കേസ് ചര്‍ച്ചയായത്. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *