നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കി.
കോടതി പക്ഷപാതപരമായാണ് ഇടപെടുന്നതെന്ന ആശങ്ക നേരത്തെ തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം വേണമെന്ന് കത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്കുള്‍പ്പെടെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആക്രമിക്കപ്പെട്ട നടി.
നടിയെ ആക്രമിച്ച കേസിൽ ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടർ രാജി വെക്കുന്നത്. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജി വെച്ചത്.
വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതികൂലമായി നിലപാടെടുക്കുന്നുവെന്നും ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടർ ആരോപിച്ചത്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിചാരണ കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു.
ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നാണ് സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയത്. കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ മുഖ്യപ്രതി സുനിൽ കുമാർ ദിലീപിന് കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.