തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പരക്കുന്ന വാർത്തകൾ തള്ളി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. പി.ജെ. കുര്യനുമായി താൻ സംസാരിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളെക്കുറിച്ചാണെന്നും അത് തികച്ചും സൗഹാർദ്ദപരമായ ഒരു കുശലാന്വേഷണം മാത്രമായിരുന്നുവെന്നും രാഹുൽ വ്യക്തമാക്കി.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് താൻ ആരോടും സംസാരിച്ചിട്ടില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അഭിപ്രായം പറയാൻ താൻ വളർന്നിട്ടില്ലെന്നും എന്നാൽ ആർക്കും തന്റെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരുന്നയിൽ വെച്ച് രമേശ് ചെന്നിത്തലയുമായും താൻ സംസാരിച്ചിരുന്നു. എല്ലാവരുമായും നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. പാലക്കാട്ടുകാർ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നതിലാണ് തന്റെ ശ്രദ്ധ. മണ്ഡലത്തിൽ താൻ സജീവമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് സത്യം ജയിക്കും സത്യമേ ജയിക്കാവൂ എന്നാണ് രാഹുൽ മറുപടി നൽകിയത്. നല്ല ആത്മവിശ്വാസം ഉണ്ടെന്നും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *