തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ. കേരളത്തിൻ്റെ ധനപ്രതിസന്ധിയെ മറച്ചുവെച്ചുകൊണ്ട് സർക്കാർ നികുതി കൊള്ള നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിന് കൈക്കടത്താൻ കഴിയുന്ന എല്ലാമേഖലകളിലും അശാസ്ത്രീയമായ നികുതി വർധനവാണുണ്ടാക്കിയിട്ടുള്ളത്. പെട്രോളിനും ഡീസലിനും വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ലിറ്ററിന് രണ്ട് രൂപ കൂട്ടിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. യാഥാർത്ഥ്യ ബോധത്തിൽ നിന്നും അകന്ന ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തീരദേശത്തെ ജനങ്ങളെ പൂർണമായും അവഗണിച്ചു. കേരളത്തിലെ സമ്പദ് മേഖല നേരിടുന്ന വെല്ലുവിളി അറിയാത്ത പോലെ നടിക്കുകയാണ്. ബജറ്റിലെ നികുതിയേർപ്പെടുത്തൽ നീതിയുക്തമല്ല. ബജറ്റ് നിർദ്ദേശങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. കൂടാതെ മദ്യത്തിന് വീണ്ടും സെസ് ഏർപ്പെടുത്തി. 247 ശതമാനമാണ് നിലവിലെ നികുതി. മധ്യവില വർധിപ്പിക്കുന്നത് മൂലം കൂടുതൽ പേർ മയക്കുമരുന്നുപയോഗത്തിലേക്ക് നീങ്ങാൻ വഴിയൊരുക്കുമെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

കിഫ്ബിയ്ക്ക് പണം ഉണ്ടാക്കാൻ വേണ്ടിയാണ് വാഹന നികുതി കൂട്ടിയത്. ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് ഒരു വിശ്വാസ്യതയുമില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. സാമൂഹ്യ സുരക്ഷാ പെൻഷനിൽ യാതൊരു വർധനവും ഉണ്ടായിട്ടില്ലാ എന്നാൽ പെൻഷൻ്റെ പേരിൽ നികുതിപിരിവ് നടത്തിയതായും അദ്ദേഹം ആരോപിച്ചു. 19 സംസ്ഥാനങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം ഏറ്റവും കുറവ് നികുതി പിരിവ് നടന്ന സംസ്ഥാനമായിരുന്നു കേരളം. ദേശീയ ശരാശരി നികുതി വരുമാനത്തിൻ്റെ വർധനവ് ആറിനും പത്തിനും ഇടയിൽ വർധിച്ചപ്പോൾ കേരളത്തിൽ ഇത് രണ്ട് ശതമാനം മാത്രമാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി. പതിയ ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രസക്തിയില്ലെന്നും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പല കാര്യങ്ങൾ നിറവേറ്റാൻ സാധിച്ചിട്ടില്ലെന്നും ഇതിനു കാരണം ധന പ്രതിസന്ധിയാണെന്നും വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *