താമരശ്ശേരി: ഷഹബാസ് കൊലപാതക കേസ് പ്രതികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിതാവ് ഇഖ്ബാല്‍. ക്രിമിനലുകളെ പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഇഖ്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ കുഞ്ഞ് ആറടി മണ്ണില്‍ കിടക്കുമ്പോഴാണ് പ്രതികള്‍ സുഖമായി പരീക്ഷ എഴുതുന്നത്. തന്റെ മകനും അണിഞ്ഞൊരുകി പരീക്ഷക്ക് പോകേണ്ടതായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷക്ക് കോപ്പിയടിച്ചാല്‍ മാറ്റിനിര്‍ത്താറുണ്ട്. കൊലപാതകികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ചെയ്ത് നല്കുന്നതില് വിഷമമുണ്ട്.
പരീക്ഷ എഴുതുന്നതില്‍ നിന്ന് ഇത്തവണ മാറ്റിനിര്‍ത്തി അടുത്ത വര്‍ഷം അവസരം നല്‍കേണ്ടതാണ്. അങ്ങനെ ചെയ്താല്‍ അക്രമം നടത്തുന്ന കുട്ടികള്‍ക്ക് ഒരു മുന്നറിയിപ്പ് കൂടിയാകും. അല്ലെങ്കില്‍ എന്ത് ചെയ്താലും നീതിപീഠവും സര്‍ക്കാരും ഒപ്പമുണ്ടാകുമെന്ന തോന്നല്‍ കുട്ടികള്‍ക്ക് ഉണ്ടാകും.
ഇന്ന് പത്താം ക്ലാസുകാരായവര് ഡിഗ്രിക്ക് എത്തുമ്പോള്‍, ഇപ്പോള്‍ ചെറിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നവര്‍ തോക്ക് ഉപയോഗിച്ച് സഹപാഠികളെ വെടിവെക്കില്ലെന്ന് ആര്‍ക്കെങ്കിലും ഉറപ്പുണ്ടോ എന്നും ഇഖ്ബാല്‍ ചോദിച്ചു. നീതിപീഠത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും കേസ് തേച്ചുമായ്ച്ച് കളയാന്‍ സാധ്യതയുണ്ടെന്നും ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഷഹബാസ് കൊലപാതക കേസ് പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിനെതിരെ വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോം സ്ഥിതി ചെയ്യുന്ന ജെന്‍ഡര്‍ പാര്ക്കിന് മുമ്പില്‍ വിദ്യാര്‍ഥി, യുവജന സംഘടനകളുടെ പ്രതിഷേധം നടന്നു.
രാവിലെ പ്രതിഷേധിച്ച കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം കണക്കിലെടുത്ത് ജെന്‍ഡര്‍ പാര്ക്കിന് മുമ്പില്‍ വന്‍ പൊലീസ് സന്നാഹമുണ്ട്.
കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷ ഒബ്സര്‍വേഷന്‍ ഹോമില്‍ തന്നെ നടക്കും. പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ ജുവനൈല്‍ ഹോമില്‍ എത്തിച്ചു. കൂടാതെ, കോഴിക്കോട് ഡി.ഇ.ഒ അബ്ദുല്‍ അസീസും ജുവനൈല്‍ ഹോമില്‍ എത്തിയിട്ടുണ്ട്.
