കോഴിക്കോട്: നിരവധി മോഷണ കേസുകളിലെ പ്രതി കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് സ്വദേശി എടക്കാട്ടുപറമ്പ് മീത്തൽ വീട്ടിൽ അക്ഷയ് കുമാർ (22 വയസ്സ്)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
പ്രതിയ്ക്ക് കോഴിക്കോട്, മലപ്പുറം, വയനാട് തുടങ്ങിയ ജില്ലകളിലെ മെഡിക്കൽ കോളേജ്, കസബ, ടൗൺ, കൊയിലാണ്ടി, മഞ്ചരി, മേപ്പാടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി പ്രതി ഒറ്റയ്ക്കും സംഘം ചേർന്നും വീടുകളിലും പൊതുസ്ഥലത്തും നിർത്തിയിട്ടിരിക്കുന്ന ഇരുചക്രവാഹനങ്ങൾ കളവുചെയ്തതിനും, വിവിധ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് അതിക്രമിച്ചുകയറി മൊബൈൽ ഫോണുകളും വിലകൂടിയ വസ്തുക്കളും കവർച്ച ചെയ്തതിനും, പൊതുസ്ഥലത്ത് വെച്ച് നിരോധിച്ച മയക്കുമരുന്നുകൾ ഉപയോഗിച്ചതിനും, വീടുകളിൽ അതിക്രമിച്ച് കയറി ആളുകളെ അസഭ്യം പറഞ്ഞതിനും, മാരകായുധങ്ങൾ ഉപയോഗിച്ച് മരണം വരെ സംഭവിക്കാവുന്ന പരിക്കേൽപ്പിച്ചതിനും, ക്ഷേത്രങ്ങളുടെ പൂട്ട് പൊളിച്ച് പണവും മറ്റ് വിലകൂടിയ വസ്തുക്കളും കളവുചെയ്തതിനും മറ്റുമായി നിരവധി ക്രിമിനൽ കേസ്സുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
27.10.2025 ന് വയനാട് ജില്ലയിലെ ചെല്ലംകോട് കരിയാത്തൻ ക്ഷേത്രത്തിന്റെ വാതിൽ കുത്തിപ്പൊളിച്ചും ഓഫീസിന്റെ ജനൽചില്ല് തകർത്തും ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് ആംപ്ലിഫയർ കളവു ചെയ്യുകയും പരിസരത്തുള്ള 4 ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം അപഹരിക്കുകയും ചെയ്തതിന് പിടിക്കപ്പെട്ട് വൈത്തിരി സബ്ബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന പ്രതിയെ KAAPA ഓർഡർ പ്രകാരം കസബ പോലീസ് വൈത്തിരി സബ്ബ് ജയിലിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.
തുടർച്ചയായി കുറ്റകൃത്യങ്ങൾ ചെയ്ത് പൊതുസമൂഹത്തിന് ഭീഷണിയാവുകയും, നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടുവരുന്നതിനെ തുടർന്നാണ് പ്രതിയ്ക്കെതിരെ കസബ പോലീസ് KAAPA നടപടി സ്വീകരിച്ചത്. പ്രതിക്കെതിരെ കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മി പി.ജെ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പദം സിംഗ്, ഐ.പി.എസ് സമർപ്പിച്ച ശുപാർശയിലാണ് കോഴിക്കോട് ജില്ലാകളക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
