ശ്രീലങ്കയിൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധിയിൽ കൈത്താങ്ങുമായി ഇന്ത്യ. ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ ഈ ആഴ്ച നാല്പതിനായിരം ടൺ അരി ശ്രീലങ്കയിൽ എത്തിക്കും. നേരത്തെ മരുന്ന്, ഇന്ധനം എന്നിവയും അയച്ചിരുന്നു. ഇത് വഴി വിലക്കയറ്റം താത്കാലികമായി പിടിച്ചു നിർത്താൻ സാധിക്കുമെന്നാണ് ലങ്കൻ സർക്കാർ വിലയിരുത്തുന്നത്. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും 1 ബില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഭക്ഷ്യസഹായമാണിത്.

ഇതിനിടെ ജനങ്ങളുടെ പ്രക്ഷോഭത്തിന് തടയിടാൻ ഫേസ്ബുക്ക്, ട്വിറ്റർ , യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങി പന്ത്രണ്ടോളം സാമൂഹിക മാധ്യമങ്ങൾക്ക് ശ്രീലങ്കൻ സർക്കാർ വിലക്കേർപ്പെടുത്തി. തെറ്റായ വിവരങ്ങൾ നൽകുന്നത് തടയാനാണ് വിലക്കെന്നാണ് സർക്കാരിന്റെ വാദം.
ഇതിനിടെ കൊളംബോയിൽ പ്രതിഷേധ സമരം നടത്തിയ 700 ഓളം പേർ അറസ്റ്റിലായി.

അതേസമയം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ തന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെ വെള്ളിയാഴ്ച ശ്രീലങ്കന്‍ പ്രസിഡന്റ് സുരക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിസിച്ചിരുന്നു. കൂടാതെ ശനിയാഴ്ച വൈകിട്ട് ആറുമുതല്‍ 36 മണിക്കൂര്‍ കര്‍ഫ്യൂവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. .

Leave a Reply

Your email address will not be published. Required fields are marked *