ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ എല്ലാ പ്രൊഫൈലുകളും പ്രത്യേകം പരിശോധിച്ച് പരാതി നല്‍കിയെന്ന് സച്ചിന്‍ ദേവ് എംഎല്‍എ. മറ്റു ചിലതിനെതിരെ ഗൗരവപൂര്‍വ്വം നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു.സച്ചിന്‍ ദേവ് പറഞ്ഞത്: ”പതിവിലും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ കാര്യങ്ങളെ നോക്കി കണ്ടിട്ടുള്ളത്. ഞങ്ങള്‍ക്കെതിരായി നവമാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന ആക്ഷേപങ്ങളെയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെയും നേരത്തെ ഒന്നും വേണ്ടത്ര മുഖവിലയ്‌ക്കെടുക്കാറില്ല. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഉണ്ടാകുന്ന സ്വാഭാവിക വാദപ്രതിവാദങ്ങളുടെ വിവിധ നിലവാരത്തിലുള്ള ചര്‍ച്ചകളായി മാത്രമേ അവയെ ഇതുവരെ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ ഇത്തവണ, നവമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ എല്ലാ പ്രൊഫൈലുകളും പ്രത്യേകം തന്നെ പരിശോധിച്ച് ഉന്നതമായ പോലീസ് തലത്തില്‍ തന്നെ പരാതി കൊടുത്തിട്ടുണ്ട്. മറ്റു ചിലതിനെതിരെ ഗൗരവപൂര്‍വ്വം നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. ആര്യക്കെതിരായി അസഭ്യ സന്ദേശങ്ങളും കമന്റുകളും പരസ്യപ്പെടുത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായും അറിഞ്ഞു.”ദൃശ്യ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തുടര്‍ച്ചയായി വ്യക്തിഹത്യ നേരിടുകയാണെന്ന് മേയര്‍ ആര്യയും പറഞ്ഞു. ഔദ്യോഗിക മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആ വ്യക്തിയെ അറസ്റ്റ് ചെയ്തു എന്ന് അറിയാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ തുടര്‍ച്ചയായി വ്യക്തിഹത്യ നടത്തിയത് കൊണ്ടൊന്നും ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്വ നിര്‍വഹണത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും മേയര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *