വിസ്മയ മരണക്കേസുമായി ബന്ധപ്പെട്ട് കേസില്‍ പ്രതിയായ കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഞ്ചിലേക്കു മാറ്റി. ബി.എ.ആളൂരാണ് കിരണിനുവേണ്ടി വാദിക്കാനെത്തിയത്.വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ കോടതി നടപടി ആരംഭിച്ചപ്പോൾത്തന്നെ ആദ്യ കേസായി വിസ്മയ കേസ് വിളിച്ചെങ്കിലും പിന്നീട് മാറ്റിവച്ചു. ഉച്ചയ്ക്ക് 12നാണ് കേസ് വീണ്ടും വിളിച്ചത്.

കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് കിരണിന് ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ആളൂർ കോടതിയിൽ പറഞ്ഞു. കിരണ്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. പോലീസ് മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്‌കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസില്‍ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡനം (498 എ.) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും ആളൂര്‍ വാദിച്ചു അന്വേഷണം പാതിവഴിയിലാണെന്നും ഇപ്പോൾ ജാമ്യം നൽകിയാൽ കേസിനെ സാരമായി ബാധിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു.

ഇപ്പോൾ ജാമ്യം നൽകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാമ്യ ഹർജിയിൽ വിധി പറയാൻ കേസ് ഈ മാസം അഞ്ചിലേക്ക് മാറ്റി. ഗുരുതരമായ വകുപ്പുകൾ ചുമത്തിയതിനാൽ ജാമ്യാപേക്ഷ തള്ളാനാണ് സാദ്ധ്യതയെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. ഇത്തരം കേസുകളിൽ ജില്ലാ സെഷൻസ് കോടതികളാണ് പലപ്പോഴും ജാമ്യം അനുവദിക്കുന്നത്.

ആളൂരിനോടൊപ്പം നിരവധി ജൂനിയർ അഭിഭാഷകരും കിരണിന്റെ പിതാവും സഹോദരീഭർത്താവും കോടതിയിൽ എത്തിയിരുന്നു. ഷൊർണൂരിൽ തീവണ്ടിയിൽ വച്ച് അതിക്രൂരമായി കൊല്ലപ്പെട്ട സൗമ്യയുടെ ഘാതകൻ ഗോവിന്ദച്ചാമി അടക്കം കോളിളക്കം സൃഷ്ടിക്കുന്ന പല കേസുകളിലും പ്രതി ചേർക്കപ്പെടുന്നവർക്ക് നിയമസഹായവുമായി ആളൂർ എത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *