കൊല്ലം കല്ലുവാതുക്കല്‍ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചനവജാതശിശു മരിച്ച സംഭവത്തില്‍ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയെ ഫെയ്സ്ബുക്കിലൂടെ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളായ ആര്യയും ഗ്രീഷ്മയുമാണെന്ന് പൊലീസ് പറഞ്ഞു. അനന്തു എന്ന വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് രേഷ്മയെ കബളിപ്പിച്ചിരുന്നത്.
രേഷ്മയെ കബളിപ്പിക്കുന്ന കാര്യം ഗ്രീഷ്മ സുഹൃത്തിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലില്‍ സുഹൃത്താണ് പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാജ അക്കൗണ്ടായതിനാല്‍ ഫോണ്‍ വിളികള്‍ ഉണ്ടായില്ല. ഫെയ്സ്ബുക്ക് കാമുകന്റെ നിര്‍ദേശപ്രകാരമാണ് രേഷ്മ കുട്ടിയെ ഉപേക്ഷിച്ചതെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യംചെയ്യാൻ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശം ലഭിച്ചതിന് പിന്നാലെ ആര്യ ഭർതൃസഹോദരിയുടെ മകൾ ഗ്രീഷ്മയെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഞങ്ങൾ പോകുകയാണെന്ന് രേഖപ്പെടുത്തിയ കത്തെഴുതി വച്ചായിരുന്നു യാത്ര.
ഈ വർഷം ജനുവരി അഞ്ചിന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസകോശത്തിൽ അടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദർശനൻ പിള്ളയുടെയും കുടുംബത്തിൻ്റെയും നിലപാട്. എന്നാൽ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദർശനൻ പിള്ളയുടെ മകൾ രേഷ്മയാണെന്ന് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തുകയായിരുന്നു.
ആര്യയെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് ആര്യയും ഗ്രീഷ്മയും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. അറസ്റ്റിലായ രേഷ്മയുടെ ഭര്‍തൃസഹോദര ഭാര്യയാണ് ആര്യ. ആത്മഹത്യ ചെയ്ത ഗ്രീഷ്മയും രേഷ്മയുടെ ബന്ധുവാണ്.
