പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ നേതൃത്വത്തിന് വിമർശനം.സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ ഷോ കാണിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കളെ പോലെ യൂത്ത് കോൺഗ്രസ് നേതാക്കളും ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുന്നുണ്ടെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. ഗ്രൂപ്പ് കളിച്ച് നടന്നാൽ ഇനി അധികാരത്തിൽ വരാൻ കഴിയില്ലെന്നും വിമർശനം ഉയർന്നു.അഹല്യ ക്യാമ്പസില്‍ പുരോഗമിക്കുന്ന യുവ ചിന്തന്‍ ശിവിര്‍ ക്യാമ്പിലാണ് നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.സംഘടനാ പ്രമേയത്തിൻമേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനം.ഷാഫിയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഷോ മാത്രമായി മാറുന്നുവെന്നാണ് പ്രധാന പരാതി. കാണുന്നവർക്കൊപ്പമെല്ലാം സെൽഫി എടുത്തത് കൊണ്ട് മാത്രം സംഘടന വളരില്ല.ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം.ഗ്രൂപ്പ് കളിച്ച് നടന്നാല്‍ ഇനിയും പ്രതിപക്ഷത്ത് തന്നെ തുടരേണ്ടി വരുമെന്നും പ്രതിനിധികൾ ഓർമ്മപ്പെടുത്തി.മൂന്ന് ദിവസമായി തുടരുന്ന ക്യാമ്പ് ഇന്ന് സമാപിക്കും.പാലക്കാട് വാളയാറിലാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ക്യാമ്പ് നടക്കുന്നത്. സംഘടനാ പ്രമേയം ഇന്ന് അവതരിപ്പിക്കും. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഉൾപ്പെടെയുള്ള ആളുകൾ ക്യാമ്പിൽ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *