വിനോദയാത്രയ്ക്ക്കായി ഒരുങ്ങിയ ടൂറിസ്റ്റ് ബസിന് മുകളിൽ കത്തിച്ച പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടർന്നു.പെരുമണ്‍ എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ ബുക്ക് ചെയ്ത കൊമ്പന് എന്ന ബസിനാണ് തീ പിടിച്ചത്.
തീ പടര്‍ന്നുപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാരന് ബസിന് മുകളില്‍ കയറി തീയണയ്ക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.ഇക്കഴിഞ്ഞ 26 ന് കൊല്ലം പെരുമണ്‍ എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ ടൂർ പോകും മുമ്പാണ് ജീവനക്കാർ ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്. അധ്യാപകർ വിലക്കിയിട്ടും ബസ് ജീവനക്കാരാണ് പൂത്തിരി കത്തിച്ചതെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. ബസുകൾ തമ്മിലുള്ള മത്സരമാണ് ഇതിന് കാരണം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.കോളജ് ടൂർ പുറപ്പെടുന്നതിന് മുമ്പായിരുന്നു ആഹ്ലാദ പ്രകടനം.
വിദ്യാർഥികളെ ആവേശത്തിലാക്കാൻ വേണ്ടി ബസ് ജീവനക്കാർ തന്നെയാണ് ഇത്തരത്തിൽ ബസിന് മുകളിൽ പൂത്തിരി കത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് ബസുകളിലായിട്ടായിരുന്നു കോളേജിൽ വിനോദയാത്ര പുറപ്പെടാൻ ഒരുങ്ങിയിരുന്നത്. ഇതിൽ ഒരു ബസിന്റെ മുകളിലാണ് പൂത്തിരി കത്തിച്ചത്.അതേസമയം വാഹനം പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും നിലവിൽ ബസ് വിനോദയാത്രയ്ക്കായി ഉപയോഗിച്ചിരിക്കുകയാണെന്നും എൻഫോഴ്സ്മെന്റ് ആർടിഒ അൻസാരി പറഞ്ഞു.