ഫറോക്ക്: പുതിയ പാലത്തിൽ നിന്നു ചാലിയാറിൽ ചാടിയ ദമ്പതികളിൽ ഭർത്താവിനെ നദിയിൽ കാണാതായി. മീൻ പിടിത്തക്കാർ രക്ഷിച്ച ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡിൽ പുളിയഞ്ചേരി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാര്യമണ്ണിൽ പരേതനായ സാജു തോമസിന്റെ മകൻ ജിതിൻ(31), എടപ്പാൾ പുഴാമ്പ്രം പണ്ടാരി ഹൗസിൽ താരയുടെ മകൾ വർഷ(24) എന്നിവരാണ് പുഴയിൽ ചാടിയത്.

രാവിലെ 10.15നാണ് സംഭവം. ആത്മഹത്യാ ശ്രമമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കാണാതായ ജിതിനായി പൊലീസ്, അഗ്നിരക്ഷാ സേന, തീരദേശ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല. ഇന്നു രാവിലെ തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഏപ്രിൽ 19നാണു മഞ്ചേരി സബ് റജിസ്ട്രാർ ഓഫിസിൽ ഇരുവരും വിവാഹിതരായത്. പുഴയിൽ ചാടുന്നതു കണ്ട അതുവഴി വന്ന ചരക്കു ലോറി ഡ്രൈവർ വാഹനം പാലത്തിൽ നിർത്തി ലോറിയിലെ വടം എറിഞ്ഞു കൊടുത്തപ്പോൾ വർഷ അതിൽ പിടിച്ചു തൂങ്ങിനിന്നു. മത്സ്യത്തൊഴിലാളികൾ അടുത്തെത്തി യുവതിയെ രക്ഷിക്കുകയായിരുന്നു. നാട്ടുകാർ നോക്കി നിൽക്കെ ശക്തമായ ഒഴുക്കിൽപെട്ടു ജിതിൻ മുങ്ങിത്താഴുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വർഷ അപകടനില തരണം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *