കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ നരുവാമൂട് ആയക്കോട് മേലെ പുത്തൻവീട്ടിൽ അനീഷ് എന്ന കാക്ക അനീഷിനെ (28) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേരെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. അനീഷ് കൊലപാതകമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിയിരുന്നു. മാരായമുട്ടം ജോസ് വധക്കേസ് ഉള്‍പ്പടെ 27-ഓളം ക്രിമിനല്‍കേസുകളിലെ പ്രതിയാണ് അനീഷ്.
കുളങ്ങരക്കോണം ലീലാഭവനിൽ അനൂപ് (28), കുളങ്ങരക്കോണം സന്ദീപ് ഭവനിൽ സന്ദീപ് (25), കുളങ്ങരക്കോണം പൂവണം മേലേവീട്ടിൽ അരുൺ (24), കുളങ്ങരക്കോണം വട്ടവിള പുലരിയോട് മേലേ പുത്തൻവീട്ടിൽ രജിത്ത് (25), മാറഞ്ചൽക്കോണം വരിക്കപ്ലാവിള വീട്ടിൽ നന്ദു എന്നു വിളിക്കുന്ന അനൂപ് (25) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ കൊലപ്പെടുത്തുമെന്നുള്ള നിരന്തര ഭീഷണിയും യുവാക്കളുടെ സഹോദരിമാരെ ശല്യപ്പെടുത്തിയതിലുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അനീഷും പിടിയിലായ പ്രതികളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. യുവാക്കളുടെ ആക്രമണം ആസൂത്രിതമല്ലെങ്കിലും ഭീഷണി വർദ്ധിച്ചതോടെയാണ് അനീഷിനെ വകവരുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
കുളങ്ങരക്കോണത്തെ അടച്ചിട്ടിരുന്ന ഹോളോബ്രിക്സ് നിര്‍മാണ ശാലയിലാണ് കഴിഞ്ഞദിവസം അനീഷിന്റെ മൃതദേഹംകണ്ടെത്തിയത്. കാക്ക അനീഷിന്റെ സ്ഥിരം താവളങ്ങളിലൊന്നാണ് ഇത്. അയാള്‍ കിടന്നുറങ്ങുന്നതും ഇവിടെയാണ്. കൊല നടന്ന ശനിയാഴ്ച രാത്രി എട്ടരയോടെ ഹോളോബ്രിക്സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് മദ്യലഹരിയിലെത്തിയ അനീഷ് ഇവിടെവെച്ച് യുവാക്കളെ കണ്ടതോടെ ആക്രമിക്കാന്‍ ശ്രമിക്കുകയും കയ്യാങ്കളിക്കിടെ അഞ്ച് പേരും ചേര്‍ന്ന് അനീഷിനെ അടിച്ച് വീഴ്ത്തുകയുമായിരുന്നു. അനീഷിന്റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് തന്നെയാണ് പ്രതികള്‍ കൊലപാതകം നടത്തിയത്.
സംഭവത്തില്‍ സമീപത്തെ സിസി ടി വി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനും ഉള്‍പ്പെടെ ഉപയോഗിച്ചുകൊണ്ട് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. സംഭവത്തിന് പിന്നാലെ സമീപത്തെ കാട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇവരെ റൂറല്‍ എസ്.പി പി.കെ.മധുവിന്റെയും കാട്ടക്കട ഡിവൈ.എസ്.പി കെ.എസ്.പ്രശാന്ത്, നെടുമങ്ങാട് ഡിവൈ.എസ്.പി എം.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ അനീഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
റൂറൽ എസ്.പി പി.കെ. മധുവിന്റെ നിർദ്ദേശാനുസരണം കാട്ടാക്കട ഡി.വൈ.എസ്.പി പ്രശാന്ത്, നെടുമങ്ങാട് ഡി.വൈ.എസ്.പി അനിൽകുമാർ, നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ, നരുവാമൂട് സി.ഐ ധനപാലൻ, മലയിൻകീഴ് സി.ഐ എ.വി സൈജു, എസ്.ഐ അജീന്ദ്രകുമാർ, എ.എസ്.ഐ രാജേഷ് കുമാർ, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ പ്രദീപ്കുമാർ, സി.പി.ഒ മാരായ രാജീവ്, രതീഷ്, ബിനു, പ്രശാന്ത്, റൂറൽ ഷാഡോ ടീം എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കൃത്യം നടത്തി 24 മണിക്കൂറിനുള്ളിൽ പിടിയിലായത്.