സംസ്ഥാനത്ത് അതിതീവ്രമഴയെന്ന മുന്നറിയിപ്പില്‍നിന്ന് പുറകോട്ടു പോയിട്ടില്ലെന്ന് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു. ജാഗ്രത തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനാല്‍ കുട്ടനാട്ടില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. വടക്കന്‍ കേരളത്തില്‍ നാളെക്കൂടി ജാഗ്രത തുടരണം. വെള്ളപ്പൊക്ക ദുരിതബാധിത മേഖലകളിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
കനത്ത മഴയുണ്ടെങ്കിലും സംസ്ഥാനത്തെ ഡാമുകള്‍ സുരക്ഷിതമാണെന്ന് മന്ത്രി വ്യക്തമാക്കി. റൂള്‍ കര്‍വ് അനുസരിച്ച് മാത്രമാണ് ഡാമുകളില്‍ നിന്നും വെള്ളം ഒഴുക്കിവിടുന്നതെന്ന് പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് കെ. രാജന്‍ വ്യക്തമാക്കി.
മന്ത്രിയുടെ വാക്കുകള്‍ –
മണിക്കൂറില്‍ 55 കിമീ വേഗതയില്‍ വരെ നിലവില്‍ കടലില്‍ കാറ്റ് വീശുന്നുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ 18 മണിക്കൂറില്‍ മഴയുടെ അളവില്‍ കുറവുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ ജാഗ്രത തുടരുകയാണ്. ഡാം മാനേജ്‌മെന്റ് കൃത്യമായി നടക്കുന്നുണ്ട്. റൂള്‍ കര്‍വ് അനുസരിച്ച് ഡാമുകളിലെ ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ ഡാമുകളിലെ ജലനിരപ്പ് പരിശോധിച്ച് വെള്ളം ഒഴുക്കിവിടാന്‍ ക്രമീകരണം നടത്തിയിട്ടുണ്ട്.
പത്തനംതിട്ടയടക്കം മഴക്കെടുതി രൂക്ഷമായ ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിന് തടസ്സമില്ല. എന്നാല്‍ പമ്പയില്‍ സ്‌നാനം അനുവദിക്കില്ല. ഇക്കാര്യത്തില്‍ ജില്ലാഭരണകൂടത്തോട് എല്ലാവരും സഹകരിക്കണം. എന്നാല്‍ ശബരിമലയിലേക്കുള്ള യാത്രയില്‍ വളരെ ജാഗ്രത വേണം. ഇക്കാര്യം തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണം. പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് അധികൃതരോട് നിര്‍ദ്ദേശിച്ചു.
അതിതീവ്രമഴയും തുടര്‍ച്ചയായ മഴ മൂലം മണ്ണടിച്ചിലിനുള്ള സാധ്യതയുമാണ് നമ്മുടെ മുന്നിലെ വെല്ലുവിളികള്‍. വെള്ളം കേറിയ സ്ഥലങ്ങളിലും മറ്റു ദുരന്തമേഖലകളിലും ജനങ്ങള്‍ സന്ദര്‍ശനം നടത്തുന്ന നിലയുണ്ട്. ഒരു തരത്തിലും അത് അനുവദിക്കില്ല. ഇന്നലെ ചാലക്കുടിയാറില്‍ കാട്ടാന കുടുങ്ങിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് അങ്ങോട്ട് എത്തിയത്. ഇതുവളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ദുരന്തടൂറിസം ഒരു കാരണവശാലും അനുവദിക്കില്ല ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്.
ഓറഞ്ച് ബുക്ക് പ്രകാരം ദുരന്തസാധ്യതയുള്ള മേഖലകളില്‍ നിന്നെല്ലാം ആളുകളെ നിര്‍ബന്ധമായി ഒഴിപ്പിക്കണം. ഇതിനായി എത്ര ക്യാംപുകള്‍ വേണമെങ്കിലും ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്. റവന്യൂ, തദ്ദേശസ്വയംഭരണം, ജലസേചനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെല്ലാം നിര്‍ബന്ധമായി സേവനസന്നദ്ധരായി രംഗത്തുണ്ടാവണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കക്കി, പമ്പ ഡാം തുറന്നാല്‍ കുട്ടനാട്ടിലേക്ക് വെള്ളം അധികം എത്തുമെന്ന ആശങ്കയുണ്ടായിരുന്നു എന്നാല്‍ ആ നിലയില്‍ ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളില 2018-ല്‍ കണ്ടത് പോലെ കടലിലേക്ക് വെള്ളം ഒഴുകിപോകാത്ത സ്ഥിതിയില്ല. അതിനാല്‍ വലിയ ആശങ്ക കുട്ടനാട്ടില്‍ ഇല്ല. സാധാരണ നിലയില്‍ ഉണ്ടാവുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ മാത്രമേ കുട്ടനാട്ടില്‍ ഉള്ളൂ. നാല് ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും ആ നിലയിലുള്ള മഴ ഈ മണിക്കൂറുകളില്‍ ഇല്ല എന്നതാണ് ആശ്വാസം. അഞ്ചാം തീയതിയോട് കൂടി സാധാരണ നിലയിലേക്ക് കേരളം എത്തും എന്നാണ് പ്രതീക്ഷ. തെക്കന്‍ കേരളത്തില്‍ നിന്നും മാറി വടക്കന്‍ കേരളത്തിലേക്കാവും ഇനിയുള്ള മണിക്കൂറുകളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യത.