കാട്ടാക്കട ( തിരുവനന്തപുരം): വഴക്കിനിടെ മകന്റെ ഇടി നെഞ്ചിലേറ്റ് കുഴഞ്ഞുവീണ ഹൃദ്രോഗിയായ പിതാവ് ആശുപത്രിയിൽ മരിച്ചു. കുറ്റിച്ചൽ വഞ്ചിക്കുഴി നിഷ ഭവനിൽ രവീന്ദ്രൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മകൻ നിഷാദിനെ(38) നെയ്യാർ ഡാം പൊലീസ് പിടികൂടി.

നിഷാദ് മർദിച്ചതിനെത്തുടർന്നാണ് രവീന്ദ്രന് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് മാതാവ് വസന്ത പൊലീസിന് മൊഴി നൽകി. തിങ്കൾ രാത്രി പത്തു മണിയോടെയാണ് സംഭവം. സ്വകാര്യ ആയുർവേദ സ്ഥാപനത്തിലെ ജീവനക്കാരനായ നിഷാദ് രാത്രി ഓണാഘോഷം കഴിഞ്ഞ് വീട്ടിലെത്തി രണ്ടര വയസ്സുള്ള മകളെ വഴക്കു പറഞ്ഞു.

ഇത് ചോദ്യം ചെയ്ത വസന്തയെ ആദ്യം പിടിച്ചു തള്ളി. ഇതിനെതിരെ പ്രതികരിച്ച രവീന്ദ്രനെ നെഞ്ചിൽ ഇടിച്ച് തള്ളി താഴെയിട്ടു. അസ്വസ്ഥത അനുഭവപ്പെട്ടതോടെ വസന്തയും ബന്ധുവും കൂടി രവീന്ദ്രനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *