കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി സ്‌റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പ്രതികളുടെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. കശുവണ്ടി അഴിമതിയിലെ കോടതിയലക്ഷ്യ നടപടിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയും സ്റ്റേ ചെയ്തു. കോടതിയലക്ഷ്യ കേസിലെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഹൈക്കോടതി ഇതില്‍ വിശദമായ വാദം കേട്ടിരുന്നു.

സിംഗിള്‍ ബെഞ്ച് വിധിയിലെ നിയമപ്രശ്നം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി നിര്‍ബന്ധപ്രകാരമാണ് പ്രൊസിക്യൂഷന്‍ അനുമതിയെന്നായിരുന്നു പ്രതികളുടെ വാദം. കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന് വേണ്ടി കോടതിക്ക് സര്‍ക്കാരിനോട് നിര്‍ബന്ധിക്കാന്‍ കഴിയില്ല എന്നാണ് പ്രതികള്‍ ചൂണ്ടിക്കാട്ടിയത്. പ്രതികളുടെ വാദം കേള്‍ക്കാതെയാണ് പ്രോസിക്യൂഷന്‍ അനുമതിക്ക് തീരുമാനമെടുത്തതെന്ന വാദവും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്.

പിന്നാലെയാണ് ഹൈക്കോടതി പ്രതികളുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചത്. അടുത്ത വിധി വരുന്നത് വരെയാണ് ഹൈക്കോടി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്.

ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരായി പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന് കോടതി സര്‍ക്കാരിന് നേരത്തെ നിര്‍ദേശിച്ചിരുന്നു. പിന്നാലെ പ്രോസിക്യൂഷന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.

എന്നാല്‍ ഈ ഉത്തരവിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് കിട്ടിയതിലടക്കം ഇന്നലെ ഉള്‍പ്പടെ കോടതി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് രാജാവിനേക്കാള്‍ വലിയ രാജ ഭക്തി ആണെന്നടക്കമുള്ള രൂക്ഷ വിമര്‍ശനം കോടതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ അനുമതി സ്‌റ്റേ ചെയ്യാനുള്ള ഡവിഷന്‍ ബെഞ്ചിന്റെ തീരുമാനം.

2006 മുതല്‍ 2015 വരെ കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ ചട്ടങ്ങള്‍ ലംഘിച്ച് കോടികളുടെ അഴിമതി നടത്തി കോര്‍പ്പറേഷന് ഭീമമായ നഷ്ടം വരുത്തിയെന്നതാണ് കേസ്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഖാദി ബേര്‍ഡ് സെക്രട്ടറിയായിരുന്ന രതീഷ് ഒന്നാം പ്രതിയും ആര്‍ ചന്ദ്രശേഖരന്‍ മൂന്നാം പ്രതിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *