കണ്ണൂർ: സംസ്ഥാന സ്കൂൾ കായിക മേളയിലെ വീഴ്ചയിൽ സർക്കാർ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുകയും, കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായ സാമ്പത്തികവും മറ്റ് ബുദ്ധിമുട്ടുകളും പരിഹരിക്കുകയും വേണം.
കുട്ടികളുടെ സുരക്ഷയിലും അവകാശങ്ങളിലും ഒരു വിട്ടുവീഴ്ചയും അംഗീകരിക്കാനാവില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ്യാർഥികൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്.
തൃശൂർ അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നുവീണ് വിദ്യാർഥികൾക്കും മറ്റുള്ളവർക്കും പരുക്കേറ്റ സംഭവം തന്നെ മേള നടത്തിപ്പുകാരുടെ അവഗണനയുടെ ഭാഗമായി വന്ന ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. സംഭവത്തിന് പിന്നാലെ നീന്തൽ മത്സരങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തുവെന്നും പ്രതിപക്ഷനേതാവ് ഫേസ്ബുക്കിൽ കുറിച്ചു.
