കണ്ണൂരിൽ 11 വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഉസ്താദ് കസ്റ്റഡിയില്‍. നാലുവയലിലെ ഒരു പള്ളിയിലെ ഖത്തീബായ ഉവൈസ് ഉസ്താദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു . വിശ്വാസത്തിന്റെ പേരില്‍ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പനി ബാധിച്ച കുട്ടിക്ക് വ്യാജ ചികിത്സ നടത്തിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് ഉസ്താദിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഉസ്താദിനെ പോലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. പനി ബാധിച്ച കുട്ടിക്ക് ജപിച്ച് ഊതിയ വെള്ളം നല്‍കിയെന്നാണ് ഇയാളുടെ മൊഴി. തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ വീണ്ടുംവിളിച്ചുവരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ പിതാവിനെയും പ്രതിചേര്‍ത്തേക്കും.

കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റെ മകള്‍ എം.എ. ഫാത്തിമ പനി ബാധിച്ച് മരിച്ചത്. കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതും വ്യാജ ചികിത്സ നടത്തിയതുമാണ് മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.
കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കൂടി നേരത്തെ സമാന സാഹചര്യത്തില്‍ മരിച്ചതായ വിവരം പുറത്തുവന്നിട്ടുണ്ട്. ഇതും അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *