എം.ജി സര്‍വകലാശാലയില്‍ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് വൈസ് ചാന്‍സലര്‍ സാബു തോമസ്. ഗവേഷക വിദ്യാർത്ഥിനിയുടെ ആരോപണം വ്യാജമാണെന്നും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക അതിക്രമം നടന്നതായി വിദ്യാർത്ഥിനി വാക്കാൽ പോലും പരാതി ഉന്നയിച്ചിട്ടില്ലെന്നും വൈസ് ചാൻസിലർ പ്രതികരിച്ചു. അധ്യാപകനെതിരായ പരാതി കോടതി റദ്ദാക്കിയതാണ്. ആരോപണമുന്നയിച്ച ഗവേഷണ വിദ്യാര്‍ത്ഥിനി കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഒരു പരാതി പോലും തന്നോട് പറഞ്ഞിട്ടില്ല. സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് ലൈംഗികാതിക്രമ പരാതി പറഞ്ഞത്. എന്നാല്‍ ഇത് വ്യാജമാണെന്നാണ് കരുതുന്നത്. പരാതി എഴുതി നല്‍കിയാല്‍ അന്വേഷിക്കുമെന്നും വി.സി പറഞ്ഞു.

എന്തു പരാതി ലഭിച്ചാലും താന്‍ അന്വേഷിച്ചിരിക്കണം. വിദ്യാര്‍ത്ഥിനിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. പരാതിക്കാരി സര്‍വകലാശാലയില്‍ തിരിച്ചെത്തണം.ഗവേഷക വിദ്യാര്‍ഥി ലാബിലേക്ക് തിരികെ വരണണമെന്നും അവര്‍ക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സഹായം നല്‍കുമെന്ന് വിസി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വൈസ് ചാന്‍സലര്‍ പറയുന്നത് വാസ്തവിരുദ്ധമാണെന്ന് വിസിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ദീപ പറഞ്ഞു. 2014ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അധ്യാപകനെതിരെ നേരത്തെ പരാതി പറഞ്ഞിരുന്നു. എന്നാല്‍ രേഖാമൂലം പരാതി നല്‍കാതിരുന്നത് ഭയന്നിട്ടാണെന്നും ദീപ പറഞ്ഞു. ഇപ്പോള്‍ യൂണിവേഴ്‌സിറ്റിയില്‍ കയറിചൊല്ലാന്‍ തനിക്ക് ഭയമുണ്ട്. താന്‍ പരാതി പറഞ്ഞില്ലെന്ന് വിസി പറയുന്നത് കള്ളമാണെന്നും ദീപ മാധ്യമങ്ങളോട് പറഞ്ഞു

നാനോ സയന്‍സില്‍ ഗവേഷണത്തിന് പ്രവേശനം നേടിയ ദളിത് വിദ്യാര്‍ത്ഥിനി ദീപ പി.മോഹന്‍ ആണ് സര്‍വകലാശാല അധികൃതര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2011ല്‍ പ്രവേശം നേടിയ ഇവര്‍ 2014ലാണ് ഗവേഷണം തുടങ്ങിയത്. എന്നാല്‍ ഇത് പൂര്‍ത്തിയാക്കാന്‍ അവസരം ലഭിച്ചില്ല. നിലവില്‍ സിന്‍ഡിക്കേറ്റ് അംഗമായ നന്ദകുമാര്‍ ജാതീയമായ വേര്‍തിരിവ് കാണിച്ചുവെന്നും അന്നത്തെ വകുപ്പ് തലവനായ നിലവിലെ വി.സി സാബു തോമസിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നുമാണ് ദീപയുടെ ആരോപണം

Leave a Reply

Your email address will not be published. Required fields are marked *