കോട്ടയത്തെ ശശി തരൂരിന്റെ ജില്ലാ സന്ദർശനവും വിവാദത്തിൽ.തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.കീഴ്‌വഴക്കങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സന്ദർശനത്തിൽ നിന്ന് വിട്ടുനിന്നു. ശശി തരൂർ ജില്ലയിൽ സന്ദർശനം നടത്തുന്നത് അറിയിച്ചില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു. ശശി തരൂരിന്റെ ഓഫീസിൽ നിന്ന് വിളിച്ചപ്പോൾ ഒന്നും പറയാതെ കട്ട് ചെയ്തെന്നും യൂത്ത് കോൺഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്നും സുരേഷ് ആരോപിച്ചു.തരൂർ സംഘടനാ കീഴ് വഴക്കം പാലിച്ചില്ലെന്നും കെപിസിസിക്ക് പരാതി നൽകുമെന്നും നാട്ടകം സുരേഷ് പറഞ്ഞു..പരിപാടികൾ അതത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. ശശി തരൂർ സമാന്തര നീക്കം നടത്തുമെന്ന് കരുതുന്നില്ല. ഡിസിസിയുടെ പരാതിയെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കെപിസിസി വേണ്ടനിലയിൽ അന്വേഷിച്ച് നിലപാട് എടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി ബിഷപ്പിനെ സന്ദർശിക്കുന്ന തരൂർ തുടർന്ന് കെ എം ചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും. പിന്നീട് പാലാ ബിഷപ്പ്ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. ശേഷമാണ് ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസിന്റെ മഹാസമ്മേളനം.
