കാസർകോട്: നീലേശ്വരത്ത് കടകളുടെ പൂട്ടുപൊളിച്ച് കവർച്ചയും കവർച്ചാശ്രമവും നടത്തിയ സംഭവത്തിൽ, നിരവധി മോഷണക്കേസുകളിൽ പ്രതിയായ 17 വയസ്സുകാരനെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ചൊവ്വാഴ്ച പുലർച്ചെയാണ് കൊട്ടുമ്പുറം മേഖലയെ ആശങ്കയിലാഴ്ത്തിക്കൊണ്ടുള്ള മോഷണങ്ങൾ നടന്നത്.

കൊട്ടുമ്പുറത്തെ ശ്രീലക്ഷ്മി കളക്ഷൻസ്, അപ്സര ഫാൻസി, ഹണി ബേക്കറി, മഹാലക്ഷ്മി ലോട്ടറിസ്റ്റാൾ, വ്യാപാരി വ്യവസായി സമിതി നേതാവ് ആറ്റിപ്പിൽ രവിയുടെ പച്ചക്കറിക്കട എന്നിവിടങ്ങളിലാണ് കവർച്ചാ ശ്രമങ്ങൾ നടന്നത്. പച്ചക്കറിക്കടയുടെ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് ഓട്ടോറിക്ഷ ഡ്രൈവർമാരും ആംബുലൻസ് ഡ്രൈവർമാരും ഉടൻതന്നെ നീലേശ്വരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആളുകളെ കണ്ട മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ 17-കാരനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിനായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കടകളിൽ സിസിടിവി ക്യാമറകൾ തിരിച്ചുവെച്ച നിലയിലായിരുന്നു. നീലേശ്വരം എസ്.ഐ കെ.വി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *