കൊച്ചി: നെടുമ്പാശ്ശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി. മൂന്ന് മാസമായി തുടർന്ന ക്രൂരമായ മർദ്ദനത്തിന് ശേഷമാണ് മരണം സംഭവിച്ചത്. അനിത (58) ആണ് മരിച്ചത്. ഇവരുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മകൻ ബിനു (38) വിനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മകൻ കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. 20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അനിതയെ അടുത്തിടെയാണ് ബിനു വീട്ടിലേക്ക് കൊണ്ടുവന്നത്.
വീട്ടിലെത്തിച്ച ശേഷം ബിനു ക്രൂരമായി മർദിക്കുകയായിരുന്നു. മർദ്ദനത്തെ തുടർന്ന് രക്തം കട്ടപിടിച്ചാണ് അമ്മ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ മകന്റെ ഭാര്യയുടെ പങ്ക് സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
