കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് അതിഗംഭീരമായി നടന്നുകൊണ്ടിരിക്കുകയാണ്. വേദികളിൽ കുട്ടികളുടെ കലാവിരുന്ന് നടക്കുമ്പോൾ തന്നെ ചില വിദ്യാർത്ഥികൾ അവരുടെ മറ്റു സർഗാത്മക കഴിവുകളും കൂടി ആളുകളിലേക്കെത്തിക്കാൻ കലോത്സവ നഗരിയെ ഉപയോഗപ്പെടുത്തുന്നുണ്ട്. അത്തരത്തിൽ സെർവിങ് റോബോട്ട് എന്ന ആശയവുമായി മുൻപോട്ട് വന്നിരിക്കുകയാണ് ടെക്നിക്കൽ ഹൈസ്കൂൾ വെസ്റ്റ് ഹില്ലിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ.ആകാശ്, സൗരവ്, അർഷിദ്, ദേവദത്ത്,തേജസ്സ്, അനുപം ജിത്ത് എന്നിവരാണ് സെർവിങ് റോബോട്ടിന് പിന്നിലെ ചെറിയ ശാസ്ത്രജ്ഞന്മാർ.
പേര് പോലെ തന്നെ ആവിശ്യ സാധനങ്ങൾ എടുത്തുകൊടുക്കുന്നതിനായി, സെർവ് ചെയ്യാൻ കഴിയുന്ന ഒരു കുട്ടി റോബോട്ട്. ക്രിസ്മസ് അപ്പൂപ്പന്റെ രൂപത്തിൽ വേഷം ധരിച്ച റോബോട്ട് രണ്ട് ദിവസംകൊണ്ടാണ് ഈ മിടുക്കർ നിർമ്മിച്ചെടുത്തത്. ആർഡിനോ ബോർഡ് വെച്ചാണ് ഇത് പ്രവർത്തിക്കുന്നത്. കൂടാതെ ഉള്ളിൽ ഒരു ചിപ്പും ഉണ്ട്. പിവിസി പൈപ്പും ബനിയനും തുടങ്ങിയവയാണ് നിർമിക്കാൻ ഉപയോഗിച്ച മറ്റു വസ്തുക്കൾ. ബ്ലുടൂത്ത് ആർസി കൺട്രോളർ ആപ്പ് ഉപയോഗിച്ചാണ് റോബോട്ടിനെ നിയന്ത്രിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഈ കണ്ടുപിടുത്തം കലോത്സവത്തിനെത്തുന്നവരിൽ കൗതുകവും ആകാംഷയും ഉണർത്തുന്നുണ്ട്.
