റായിപൂര്‍: ഛത്തീസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍. ദേശീയ മാധ്യമമായ എന്‍ഡിടിവിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മുകേഷ് ചന്ദ്രാകറിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ബസ്തറിലെ 120 കോടി രൂപയുടെ റോഡ് നിര്‍മാണ പദ്ധതിയിലെ ക്രമക്കേടുകള്‍ തുറന്നുകാട്ടി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ, ജനുവരി ഒന്നിന് രാത്രി മുതല്‍ മുകേഷിനെ കാണാതായിരുന്നു. ജനുവരി മൂന്നിന് ബിജാപൂര്‍ ടൗണിലെ റോഡ് കോണ്‍ട്രാക്ടറുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.
കരാറുകാരന്‍ സുരേഷ് ചന്ദ്രക്കറിനെതിരെയായിരുന്നു മുകേഷ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് തന്നെയാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മുകേഷിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പൊലീസ് സുരേഷിന്റെ വീട്ടില്‍ എത്തിയത്. സുരേഷ് ചന്ദ്രക്കറിന്റെ സഹോദരന്‍ റിതേഷിനെ കണ്ട് സംസാരിക്കാനായാണ് മുകേഷ് ഇവിടെയെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.