ക്യാന്‍സര്‍ ദിനമായ ഇന്ന് ആർ.സി.സിയുടെ പുലയനാർ കോട്ടയിലുള്ള രണ്ടാം ക്യാമ്പസിൽ പ്രിവൻ്റീവ് ഓങ്കോളജി ഒ.പി.യുടേയും പരിശീലന കേന്ദ്രത്തിൻ്റേയും പ്രവർത്തനം ആരംഭിച്ചു ‘ക്യാൻസർ പരിചരണത്തിലേയും ചികിത്സാരംഗത്തേയും അപര്യാപ്തതകൾ നികത്തുക’ എന്ന ക്യാൻസർ ദിനം മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം നിറവേറ്റുന്നതിനായി കേരളം നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ഇതു കരുത്തു പകരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതിവര്‍ഷം അറുപതിനായിരത്തോളം ക്യാന്‍സര്‍ രോഗികളാണ് സംസ്ഥാനത്ത് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നത്. ക്യാൻസർ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് നിയന്ത്രിക്കുന്നതിനായി ക്യാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.ഇതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു ക്യാന്‍സര്‍ ബോര്‍ഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയ്ക്ക് എന്നപോലെ പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും വലിയ പ്രാധാന്യം നല്‍കി വരുന്നു.
ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും വേണ്ട നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് ക്യാൻസർ രോഗികൾ നേരിടുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് വീടുകൾക്ക് അടുത്തുതന്നെ ചികിത്സ ലഭ്യമാകാൻ വേണ്ട സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിരുന്നു. ഇതേ പ്രതിബദ്ധതയോടെയും നിശ്ചയദാർഢ്യത്തോടെയും ക്യാൻസർ രോഗനിവാരണത്തിനും ക്യാൻസർ രോഗികളുടെ മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനും വേണ്ട നടപടികളുമായി കേരളം മുന്നോട്ടു പോകും മുഖ്യമന്ത്രി പറഞ്ഞു .
