ആമസോൺ പേ ഇന്ത്യക്ക് 3.06 കോടി രൂപ പിഴ ശിക്ഷ. പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രക്ഷന്‍സ് മാനദണ്ഡങ്ങളും കെവൈസി നിര്‍ദേശങ്ങളും പാലിക്കാത്തതിനെ തുടർന്നാണ് റിസർവ് ബാങ്ക് ശിക്ഷ വിധിച്ചത്.
ഇത് സംബന്ധിച്ച് ആമസോൺ പേ ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ കമ്പനിയുടെ പ്രതികരണം ലഭിച്ചതിന് ശേഷം നിർദേശങ്ങൾ പാലിച്ചില്ലെന്ന കുറ്റം സാധുതയുള്ളതാണെന്ന കണ്ടത്തെലിലാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ ഈ നടപടി കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കുന്നതല്ലെന്ന് ബാങ്ക് വ്യക്തമാക്കി.
2007 ലെ പേമെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റിലെ സെക്ഷന്‍ 30 അടിസ്ഥാനമാക്കിയുള്ള അധികാരം ഉപയോഗിച്ചാണ് റിസര്‍വ് ബാങ്ക് നടപടി സ്വീകരിച്ചത്.
സംഭവത്തില്‍ പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നും നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലെ പോരായ്മകള്‍ കാരണമാണ് പിഴ ചുമത്തിയതെന്നും ആര്‍ബിഐ പറഞ്ഞു. ആമസോണ്‍ പേ ഉപഭോക്താക്കളുമായി കമ്പനി ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെക്കുറിച്ച് അഭിപ്രായപ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആര്‍ ബി ഐ കൂട്ടിച്ചേര്‍ത്തു.