മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്. കോടികളുടെ കുടിശ്ശിക തീർക്കാത്തതിനാൽ സ്റ്റെന്‍റ് നൽകുന്നത് നിർത്തിവയ്ക്കാൻ വിതരണക്കാർ തീരുമാനിക്കുകയായിരുന്നു. മാർച്ച് 31നകം കുടിശ്ശിക തീർത്തില്ലെങ്കിൽ വിതരണം നിർത്തിവെക്കുമെന്നാണ് മുന്നറിയിപ്പ്.കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്റ്റെന്‍റ് നൽകുന്ന വിതരണക്കാരുടെ സംഘടന കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ഇക്കാര്യം അറിയിച്ച് കത്ത് നൽകിയത്. 30 കോടിയാണ് കുടിശ്ശിക ഇനത്തിൽ വിതരണക്കാർക്ക് നൽകാനുള്ളത്. അത് മാർച്ച് 31 നകം തീർത്തില്ലെങ്കിൽ വിതരണം നിർത്തുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് വിതരണക്കാർ പറയുന്നത്.കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴിയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെയും സ്റ്റെന്റ് വിതരണം ചെയ്തിലാണ് പണം നൽകാനുള്ളത്. ട്രൈബൽ ഫണ്ട് വഴി സ്റ്റെന്‍റ് നൽകിതിൽ 2014 മുതലുള്ള കുടിശ്ശിക ബാക്കിയുണ്ട്. 2019 ൽ സമാനപ്രതിസന്ധിയെ തുടർന്ന് വിതരണം നിർത്തിവെച്ചിരുന്നു. ആശുപത്രികളിൽ ശസ്ത്രക്രിയകൾ നിർത്തി വെക്കുന്ന സ്ഥിതിയിലേക്കെത്തിയതിന് പിന്നാലെ ആരോഗ്യവകുപ്പ് ഇടപെട്ട് കുടിശ്ശിക തീർക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *