കത്തുന്ന വേനൽചൂടിൽ സൂര്യാഘാതമേറ്റ് ജില്ലയിൽ 26 പശുക്കളും മൂന്ന് എരുമകളും ചത്തതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ജനുവരി മുതലുള്ള കണക്കാണ് ഇതെങ്കിലും ചൂട് കൂടിയ മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ് ഭൂരിഭാഗം കാലികളും ചത്തത്. ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കാലികൾ ചത്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചത്ത പശുക്കളിൽ കറവയുള്ളവയും ഉൾപ്പെടുന്നു.

ഇത് സംബന്ധിച്ച് വെള്ളിയാഴ്ച സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിൽ സൂര്യാഘാതമേറ്റ് ചത്ത കാലി ഒന്നിന് 16400 രൂപ ധനസഹായം നൽകാൻ തീരുമാനിച്ചിരുന്നു.

സൂര്യഘാതമേറ്റ് കാലി ചത്താൽ സമീപത്തെ മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയും പോസ്റ്റ്‌മോർട്ടം നടത്തുകയും വേണം. ഇതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റ്‌മാർട്ടം റിപ്പോർട്ടും ചത്ത പശുവിന്റെ ഫോട്ടോയും അടങ്ങിയ അപേക്ഷയാണ് കർഷകർ ധനസഹായത്തിനായി സമർപ്പിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *