
നടൻ വിഷ്‌ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതുവാണ് വധു. ചേർത്തല സജ് രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. ലളിതമായി നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വിഷ്‌ണുവും അഞ്ജലിയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.’വെറും സ്നേഹം, കലഹങ്ങളൊന്നുമില്ല-രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികിൽ’- എന്ന തലക്കെട്ടോടുകൂടിയാണ് വിഷ്ണു ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോൾ, അശ്വിൻ കുമാർ, ഗണപതി എന്നിവരും ആശംസകൾ നേർന്നിട്ടുണ്ട്.ജോബി എന്ന കഥാപാത്രത്തെയാണ് വിഷ്‌ണു മെക്സിക്കൻ അപാരതയിൽ അവതരിപ്പിച്ചത്. വിഷ്ണു വിനയ്, ലിയോണ ലിഷോയ്, ജോജു ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിസ്റ്ററി ഒഫ് ജോയ് എന്ന ചിത്രത്തിന്റെ സംവിധായകനും വിഷ്ണുവായിരുന്നു. മിസ്റ്റർ ആൻഡ് മിസ് റൗഡി, വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഉപചാരപൂർവ്വം ഗുണ്ടജയൻ, കുറി, അറ്റന്‍ഷന്‍ പ്ലീസ്, ജിഗർതണ്ടാ ഡബിൾ എക്സ് തുടങ്ങിയ സിനിമകളിലും വിഷ്‌ണു വേഷമിട്ടു. അലയൻസ് ടെക്നോളജിയിലെ ജീവനക്കാരിയാണ് അഞ്ജലി.