‘പച്ച പുതപ്പിക്കാം മണ്ണിനെ’ പ്രവര്‍ത്തനത്തിന് നാളെ തുടക്കം

ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും

ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ‘ പച്ച പുതപ്പിക്കാം മണ്ണിനെ ‘ എന്ന സംഘടിത പ്രവര്‍ത്തന പദ്ധതിക്ക് പരിസ്ഥിതിദിനമായ നാളെ തുടക്കമാകും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഗവ.ഗസ്റ്റ് ഹൗസ് വളപ്പില്‍ രാവിലെ എട്ടു മണിക്ക് വൃക്ഷത്തൈ നട്ട് നിര്‍വ്വഹിക്കും. എന്‍.എസ്.എസ് സംസ്ഥന കോഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തും.

പദ്ധതിയുടെ ഭാഗമായി ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് ഓരോ വളണ്ടിയറും സ്വന്തം വീട്ടിലോ സമീപമുള്ള പൊതു ഇടങ്ങളിലോ വൃക്ഷത്തൈകളോ നാടന്‍ പൂച്ചെടികളോ നട്ടു പിടിപ്പിക്കും. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ കുട്ടികള്‍ വീടുകളില്‍ നട്ടുപിടിപ്പിച്ച വൃക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍, ലഘുസംഭാഷണങ്ങള്‍ തുടങ്ങിയവ തയാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും.

ജില്ലയിലെ 7,200 വളണ്ടിയര്‍മാരും അവരുടെ കുടുംബാഗങ്ങളും പദ്ധതിയുടെ ഭാഗമാവുമെന്ന് ജില്ല കോഡിനേറ്റര്‍ എസ്.ശ്രീചിത്ത് പറഞ്ഞു.

നാളെ ലോക പരിസ്ഥിതി ദിനം- ജില്ലയില്‍ 20 പുതിയ പച്ചത്തുരുത്തുകള്‍

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാളെ (ജൂണ്‍ 5) ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 20 പുതിയ പച്ചത്തുരുത്തുകള്‍ തുടങ്ങും. സംസ്ഥാന വ്യാപകമായി 445 പുതിയ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണിത്.

വൃക്ഷവല്‍ക്കരണ പരിപാടി എന്നതിലുപരി ജൈവ വൈവിധ്യ സംവിധാനത്തെ സാമൂഹ്യ ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ച് പരിപാലിക്കാനാണ് പച്ചത്തുരുത്തുകളിലൂടെ ലക്ഷ്യമിടുന്നത്. അര സെന്റ് മുതല്‍ എത്ര ഭൂമിവരെയുമുള്ള സ്ഥലത്ത് പ്രാദേശിക ജൈവ വൈവിധ്യത്തിന് പ്രധാന്യം നല്‍കിയുള്ള സസ്യങ്ങള്‍ നട്ട് പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കാം. പക്ഷികളും ശലഭങ്ങളും വിവിധയിനം കൂണുകളും വള്ളിച്ചെടികളുമായി ഇതിനകംതന്നെ പല പച്ചത്തുരുത്തുകളും ചെറു ജൈവ വൈവിധ്യം സൃഷ്ടിച്ചിട്ടുണ്ട്. ഭാവിയില്‍ ഇവ ജൈവ വൈവിധ്യ ആവാസ കേന്ദ്രങ്ങളായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ‘ആവാസ വ്യവസ്ഥകളുടെ പുനഃസ്ഥാപനം’ എന്ന ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിന ചിന്താ വിഷയത്തെ അന്വര്‍ത്ഥമാക്കുകയാണ് കേരളത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ പച്ചത്തുരുത്തുകള്‍.

Leave a Reply

Your email address will not be published. Required fields are marked *