ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ട ഭൂരിപക്ഷം പേരുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല.അവകാശികളെ കാത്ത് നൂറ് കണക്കിന് മൃതദേഹങ്ങൾ വിവിധ മോര്‍ച്ചറികളില്‍ ഇപ്പോളുമുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്താൻ ഓണ്‍ലൈന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ഒഡിഷ സര്‍ക്കാര്‍.

മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ (srcodisha.nic.in) പങ്കുവെച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഒഡിഷ സര്‍ക്കാര്‍ ഒരുക്കിയ പോര്‍ട്ടലിലൂടെ ബന്ധുക്കളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ പട്ടികയും ഒഡീഷ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടുണ്ട്.

അതേ സമയം, 288 പേർ മരിച്ചെന്നത് സത്യമല്ലെന്നും ഇതുവരെ മരിച്ചത് 275 പേരാണെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു.ചില മൃതദേഹങ്ങള്‍ രണ്ടു തവണ എണ്ണിയതാണ് ഈ പിശകിന് കാരണമെന്ന് ഒഡിഷ സര്‍ക്കാര്‍ അറിയിച്ചു. മരിച്ച 275 പേരില്‍ 88 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ ഇതുവരെ തിരിച്ചറിയാനായിട്ടുള്ളൂവെന്നും ഒഡിഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി. 1175 പേര്‍ക്ക് പരിക്കേറ്റതില്‍ 793 പേര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *