തൃശൂരിനു പുറമേ തിരുവനന്തപുരത്തും ബിജെപി അക്കൗണ്ട് തുറക്കുമോ?… ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് എതിർ സ്ഥാനാർഥി ശശിതരൂരിനെക്കാൾ 23,228 വോട്ടിന്റെ ലീഡുണ്ട്. എന്നാൽ, തീരദേശ മേഖലയിലടക്കം വോട്ടെണ്ണുമ്പോൾ തരൂരിന് ഭൂരിപക്ഷം ലഭിക്കുമെന്ന് കോൺഗ്രസ് പറയുന്നു. എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ തുടക്കം മുതൽ മൂന്നാം സ്ഥാനത്താണ്. 2014, 2019ന് ശേഷം സിപിഐ വീണ്ടും മൂന്നാം സ്ഥാനത്തായി. നഗര മേഖലയിലെ പരമ്പരാഗത വോട്ടു ബാങ്കിനു പുറമേ, ബിജെപി കേന്ദ്രം ഭരിക്കുന്നതിനാൽ തലസ്ഥാനത്തുനിന്ന് ഒരു ബിജെപി എംപി ഉണ്ടാകുന്നത് ഗുണകരമാകുമെന്ന് കരുതുന്നവരും ബിജെപിയുടെ ശക്തിയാണ്.2014ൽ ശശി തരൂർ കോൺഗ്രസിനായി രണ്ടാം തവണ മത്സരിക്കാനിറങ്ങിയപ്പോൾ ഭൂരിപക്ഷം 15,470 വോട്ടായി കുറയ്ക്കാൻ ബിജെപി സ്ഥാനാർഥി ഒ.രാജഗോപാലിനു കഴിഞ്ഞിരുന്നു. ആ വർഷം, കേന്ദ്രത്തിൽ 10 വർഷത്തെ ഇടവേളയ്ക്കുശേഷം അധികാരത്തിലെത്തിയത് ബിജെപിയും.തിരുവനന്തപുരം മണ്ഡലത്തിലെ നഗരമേഖലകളിൽ ബിജെപിയും ഗ്രാമ–തീരദേശ മേഖകളിൽ യുഡിഎഫുമാണ് സാധാരണ രീതിയിൽ മുന്നേറുന്നത്. ബിജെപി ജയിക്കുമെന്ന തോന്നലുണ്ടാക്കിയ ഘട്ടങ്ങളിലും കോൺഗ്രസിന് തുണയായത് തീരദേശവും ഗ്രാമമേഖലകളുമാണ്. ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയുടെ കരുത്താണ്. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസിന് വ്യക്തമായ ലീഡ് ഉണ്ടാകുമെന്ന് പാർട്ടി നേതൃത്വം അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *