അഹമ്മദാബാദ്: 18 വര്‍ഷത്തെ കാത്തിരിപ്പു അവസാനിച്ചു. ഐപിഎല്‍ കിരീടം സ്വന്തമാക്കിറോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ ബംഗളൂരു കന്നികീരീടത്തില്‍ മുത്തമിട്ടത്. ആര്‍സിബി ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ മറുപടി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ ഒതുങ്ങി.

191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ 24(19) – പ്രഭ്‌സിംറാന്‍ സിംഗ് 26(22) സഖ്യം നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 46 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഹേസില്‍വുഡിന്റെ പന്തില്‍ ആര്യ പുറത്തായപ്പോഴാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. മൂന്നാമനായി എത്തിയ ഓസീസ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് 39(23) പ്രഭ്‌സിംറാന്‍ സിംഗിനൊപ്പം സ്‌കോര്‍ മുന്നോട്ട് നയിച്ചു. ടൈം ഔട്ടിന് പിന്നാലെ സിംഗ് പുറത്തായി.

കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ നായകന്‍ ശ്രേയസ് അയ്യര്‍ 1(2) ഷെപ്പേഡിന്റെ പന്തില്‍ പുറത്തായി.സ്‌കോര്‍ 98ല്‍ എത്തിയപ്പോള്‍ ഇംഗ്ലിസിനേയും ക്രുണാല്‍ പാണ്ഡ്യ മടക്കിയതോടെ ആര്‍സിബ് ജയം മണത്തു. അഞ്ചാം വിക്കറ്റില്‍ നെഹൈല്‍ വധേര, ശശാങ്ക് സിംഗ് സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. 18 പനിതുകളില്‍ നിന്ന് 15 റണ്‍സ് മാത്രം നേടി നെഹാല്‍ വധേര 17ാം ഓവറില്‍ പുറത്തായി. ഏഴാമനായി ക്രീസിലെത്തിയത് മാര്‍ക്കസ് സ്റ്റോയിനിസ്.

നേരിട്ട ആദ്യ പന്തില്‍ സിക്‌സര്‍ പറത്തിയ താരം തൊട്ടടുത്ത പന്തില്‍ പുറത്തായി 6(2). എട്ടാമനായി ക്രീസിലെത്തിയത് അഫ്ഗാന്‍ താരം അസ്മത്തുള്ള ഒമര്‍സായ്.എന്നാല്‍ വെറും ഒരു റണ്‍ മാത്രമേ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ക്ക് നേടാന്‍ കഴിഞ്ഞുള്ളു. അവസാന രണ്ടോവറില്‍ പഞ്ചാബിന് വേണ്ടിയിരുന്നത് 42 റണ്‍സ്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറില്‍ ശശാങ്ക് സിംഗിന് നേടാനായത് 13 റണ്‍സ് മാത്രം. അവസാന ഓവറില്‍ പഞ്ചാബിന് കപ്പിനായി വേണ്ടിയിരുന്നത് 29 റണ്‍സ് എന്ന ഏറെക്കുറേ അപ്രാപ്യമായ ലക്ഷ്യം. 22 റണ്‍സെടുത്ത് ശശാങ്ക് സിംഗ് കരുത്ത് കാട്ടിയെങ്കിലും വെറും ആറ് റണ്‍സ് അകലെ ആര്‍സിബിക്ക് ജയം അടിയറവ് വയ്ക്കുകയായിരുന്നു പഞ്ചാബ് കിംഗ്‌സ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. 35 പന്തില്‍ 43 റണ്‍സ് നേടിയ വിരാട് കൊഹ്ലിയാണ് ആര്‍സിബി നിരയിലെ ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് 16(9) റണ്‍സ് നേടി. മായങ്ക് അഗര്‍വാള്‍ 24(18), ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 26(16), ലിയാം ലിവിംഗ്സ്റ്റണ്‍ 25(15), എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ആര്‍ക്കും വലിയ ഇന്നിംഗ്സ് കളിക്കാന്‍ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *