കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ പാണക്കാട് സാദിഖലി ഷിഹാബ് തങ്ങൾ. ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഏകവ്യക്തി നിയമത്തിനെതിരെ മുസ്‌ലിംകൾ മാത്രമല്ല, എല്ലാവരും ഒരുമിച്ചു നിന്നു പ്രതികരിക്കണമെന്നും സാദിഖലി ഷിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.
‘‘ഗോത്രവർഗക്കാരടക്കം നിരവധിപേരെ ഇത് കാര്യമായി ബാധിക്കും. തെരുവിലിറങ്ങി പോരാടി ജയിക്കേണ്ട ഒരു വിഷയമല്ല ഇത്. നിയമപരമായി പോരാടേണ്ടിവരും. രാഷ്ട്രീയമായി നേരിടാൻ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ ആവശ്യമാണ്.
എല്ലാ രാഷ്ട്രീയ കക്ഷികളും ഉത്തരവാദിത്തത്തോടെയുള്ള സമീപനം എടുക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു സാമുദായിക ധ്രുവീകരണം ഉണ്ടാകരുത്. ഫാഷിസ്റ്റുകൾ ഇവിടെ ശക്തമാണ്. അവർ ഏതുവിധേനയും ഇത് നടപ്പാക്കാൻ ശ്രമിക്കും.’’–സാദിഖലി തങ്ങൾ പറഞ്ഞു. ഏകസിവിൽ കോഡ് സംബന്ധിച്ച് ഒരു ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും. എല്ലാ മതവിഭാഗക്കാരെയും ഉൾപ്പെടുത്തിയാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.