കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്‌കാരം പൂര്‍ത്തിയായി. സ്ഥലമില്ലാത്തതിനാല്‍ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാജ്ഞലി അര്‍പ്പിക്കാനും ഒരു നാട് മുഴുവന്‍ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.
തീര്‍ത്തും പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബിന്ദു. ഇവര്‍ താമസിക്കുന്ന വീടിന്റെ പണികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. മകള്‍ നവമിയുടെ ചികിത്സക്ക് കൂട്ടിരിപ്പുകാരിയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയതായിരുന്നു ബിന്ദു. ഇന്നലെ രാവിലെ 11 മണിയോടെ തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടര മണിക്കൂര്‍ നേരമാണ് ബിന്ദു കുടുങ്ങിക്കിടന്നത്. പുറത്തെടുത്തപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന്റെ സങ്കടം ഒരു നാടിന്റെ മുഴുവന്‍ സങ്കടമായി മാറുന്ന കാഴ്ചയാണ് ഇന്ന് തലയോലപ്പറമ്പിലെ വീട്ടില്‍ കണ്ടത്.
