സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളുടെ കണക്കിൽ അവ്യക്തതയില്ലെന്ന് ആരോഗ്യ മന്ത്രി. എല്ലാ കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. . കാലതാമസം കുറയ്ക്കാനാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. മരണം വിട്ടുപോയിട്ടുണ്ടെങ്കില്‍ പരിശോധിക്കും. ഇതിനായുള്ള നടപടികള്‍ തുടരുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഐ.സി.എം.ആറിന്‍റേതടക്കം കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് സഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. കോവിഡ് മൂലം മരിച്ചവരുടെ പേര് പട്ടികയിലില്ലെന്നും കേന്ദ്രം സഹായം പ്രഖ്യാപിച്ചാൽ പലർക്കും കിട്ടില്ലെന്നുമായിരുന്നു വി.ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞത്

കോവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റിൽ പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും നിലവിലെ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പരാതികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും വളരെ കുറവാണ്. അതിനാല്‍ ആരോഗ്യവകുപ്പ് തന്നെ പരിശോധന നടത്തുന്നുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്ത കോവിഡ് മരണങ്ങളുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിക്കുന്നതില്‍ ആരോഗ്യവകുപ്പിന് യാതൊരു മടിയുമില്ലെന്നും വീണ ജോര്‍ജ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *