കോവിഡ് സംസ്ഥാനത്തുണ്ടാക്കിയ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മനസിലാക്കാനോ നിയമസഭയില്‍ ചര്‍ച്ച ചെയ്യാനോ സര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളം ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുകയാണ്. ദിവസേന പതിനായിരക്കണക്കിന് വായ്പാ റിക്കവറി നോട്ടീസുകളാണ് വീടുകളിലേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെ മാത്രമാണ് മൊറട്ടേറിയം പ്രഖ്യാപിച്ചിരുന്നത്. അതിനു ശേഷവും എല്ലാം തകര്‍ന്നു തരിപ്പണമായിരിക്കുമ്പോഴാണ് റിക്കവറി നോട്ടീസുകള്‍ പ്രവഹിക്കുന്നത്. വട്ടിപ്പലിശക്കാര്‍ വീട്ടമ്മമാരെ ഭീഷിപ്പെടുത്തുകയും ദ്വയാര്‍ത്ഥ പ്രയോഗം നടത്തുകയും ചെയ്യുന്നത് പ്രതിപക്ഷം നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

കടക്കെണിയില്‍പ്പെട്ട് കോട്ടയത്ത് ഇരട്ട സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഇരട്ട മക്കള്‍ ഒരേ മുറിയില്‍ തൂങ്ങിനില്‍ക്കുന്നതു കാണേണ്ടി വന്ന സങ്കടകരമായ അവസ്ഥയിലാണ് കോട്ടയത്തെ അമ്മ. ഇത് ഒറ്റപ്പെട്ട സംഭവമല്ല. തെരഞ്ഞെടുപ്പിന് മുന്‍പ് കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തളര്‍ച്ചയില്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യത്തില്‍ വൈമുഖ്യം കാട്ടി. പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെ കഴിഞ്ഞ ദിവസം ബാങ്കുകളുടെ യോഗം വിളിച്ചെങ്കിലും മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിട്ടില്ല. ആസൂത്രണ കമ്മിഷന്‍ മാതൃകയില്‍ കോവിഡ് ദുരന്ത നിവാരണ കമ്മിഷന്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണിച്ചില്ല.

ലോക്ഡൗണും ട്രിപ്പിള്‍ ലോക്ക് ഡൗണും നടപ്പാക്കുന്നത് അശാസ്ത്രീയമായാണെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ അന്ന് പരിഹസിച്ചു. ഇപ്പോള്‍ അത് അംഗീകരിക്കാന്‍ തയാറായത് സ്വാഗതം ചെയ്യുന്നു. ജീവിതവും ഉപജീവന മാര്‍ഗങ്ങളും ഉപേക്ഷിച്ച് കോവിഡിനെ ക്രമസമാധാന പ്രശ്‌നമായി നേരിടാതെ രോഗമായി കണ്ട് പ്രതിരോധിക്കുകയാണ് വേണ്ടത്. പ്രതിസന്ധി കാലത്ത് ആത്മഹത്യയല്ല പരിഹാരമെന്ന് ജനങ്ങളോട് പറയാന്‍ സര്‍ക്കാര്‍ തയാറാകണം. വിവിധ മേഖലകളില്‍ ഉപജീവനം നഷ്ടപ്പെട്ട 20 പേരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. ജനങ്ങളുടെ സങ്കടങ്ങള്‍ കാണാനും കേള്‍ക്കാനുമുള്ള കണ്ണും കാതും സര്‍ക്കാരിന് നഷ്ടമായിരിക്കുകയാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *