ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ ഒമ്പതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. രാവിലെ പത്തിന് പുലിക്കയത്ത് കായി വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. വൈറ്റ് വാട്ടർ മത്സരങ്ങൾക്കായി പുലിക്കയത്ത് ചാലിപ്പുഴയിൽ കയാക്കിങ് ഡൈവിങ് റാമ്പിന്റെ നിർമ്മാണവും പൂർത്തിയായി. പുലിക്കയം പാലം ജംങ്ഷനിലാണ് ഉദ്‌ഘാടന വേദിയായി തയ്യാറാക്കി ഇരിക്കുന്നത്.
ആഗസ്റ്റ് 4,5,6 തിയ്യതികളിലാണ് ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി അന്തദേശീയ കയാക്കിങ് മത്സരം നടക്കുക. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ഡി.റ്റി.പി.സിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കയാക്കിങിലെ കയാക്ക് സ്‌ലാലോം, ബോഡര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സരങ്ങളാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ നടക്കുക. 10 രാജ്യങ്ങളില്‍ നിന്നായി നിരവധി അന്തര്‍ദേശീയ കയാക്കര്‍മാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ദേശീയ കയാക്കര്‍മാരും മത്സരത്തിന്റെ ഭാഗമാവും.
കയാക്കിങ് സ്‌ലാലോം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കയാക്കര്‍മാരാണ് മത്സരിക്കുക. 2024 പാരീസ് ഒളിമ്പിക്‌സിനുള്ള സെലക്ഷന്‍ ട്രയല്‍സിന് കേരളം ആദ്യമായി വേദിയാകുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.