കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെയ്ന്റ് ജോര്‍ജ് പള്ളിയിലേക്ക് യാത്രാ പാക്കേജുകളുമായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍. ആറ്റിങ്ങലില്‍നിന്ന് വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏര്‍പ്പെടുത്തിയ യാത്ര ശനിയാഴ്ച രാവിലെ ആറുമണിക്ക് പുറപ്പെടും. സംസ്ഥാനത്ത് മറ്റിടങ്ങളില്‍നിന്നും ട്രാവല്‍ ഏജന്‍സികള്‍ യാത്ര പദ്ധതിയിടുന്നുണ്ട്.

49 സീറ്റുള്ള വാഹനത്തിലാണ് വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് യാത്രയൊരുക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മുഴുവന്‍ സീറ്റിലേക്കും ബുക്കിങ് ഉണ്ടാവുമെന്നാണ് നിലവിലെ പ്രതികരണം സൂചിപ്പിക്കുന്നതെന്നും ഉടമ എസ്. പ്രശാന്തന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 500 രൂപയാണ് യാത്രയ്ക്കായി ഒരാളില്‍നിന്ന് ഈടാക്കുന്നത്. 150 കിലോ മീറ്ററോളം ദൂരമുള്ള യാത്രയില്‍ ഭക്ഷണമുള്‍പ്പെടെയുള്ള ചെലവ് യാത്രക്കാര്‍ വഹിക്കണം. യാത്രയ്ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് സൗജന്യയാത്ര ഒരുക്കാന്‍ തയ്യാറാണെന്നും പ്രശാന്തന്‍ പറഞ്ഞു.

കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ പാലാ- രാമപുരം നാലമ്പല യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ പുതുപ്പള്ളി പള്ളിയില്‍ കയറിയപ്പോള്‍, യാത്രക്കാരില്‍നിന്നുണ്ടായ പ്രതികരണമാണ് ഇത്തരമൊരു പാക്കേജിലേക്ക് തന്നെയെത്തിച്ചതെന്ന് പ്രശാന്തന്‍ പറഞ്ഞു. ‘ജൂലായ് 30-ന് നാലമ്പല യാത്ര കഴിഞ്ഞ രാത്രി 9.30-ഓടെയാണ് പള്ളിയിലെത്തിയത്. രാത്രിയിലും അവിടെ ജനസമുദ്രമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ ചെല്ലുമ്പോള്‍ പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. മറ്റ് തീര്‍ഥാടനകേന്ദ്രങ്ങളില്‍നിന്ന് വ്യത്യസ്തമായ സ്വച്ഛവും ആത്മീയവുമായ അന്തരീക്ഷം അവിടെയുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ അംഗങ്ങളായവരും ഇതേ അഭിപ്രായമായിരുന്നു പറഞ്ഞത്. അരമണിക്കൂറിലേറെ സമയം അവിടെ ചെലവഴിച്ചപ്പോള്‍ കണ്ട കാഴ്ചകളും സമാധാനാന്തരീക്ഷവും പോസിറ്റീവ് എനര്‍ജിയുമാണ് ഇത്തരമൊരു പദ്ധതിക്ക് പ്രേരിപ്പിച്ചത്’, അദ്ദേഹം വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *