കൊട്ടിക്കയറി ചെണ്ടയിലെ പെൺതാളം
ചെണ്ടയുടെ താളവും ഫ്യൂഷൻ ചുവടുകളുമായി മാനാഞ്ചിറയെ ഇളക്കിമറിച്ച് വനിതാ ശിങ്കാരിമേളം. ചെണ്ടയുടെ താളത്തിനും ചുവടുകളുടെ ഭംഗിക്കുമൊപ്പം ഫ്യൂഷൻ നൃത്തത്തിന്റെ ചടുലത കൂടി കൊട്ടിക്കയറിയതോടെ നിറഞ്ഞ കരഘോഷം. അറുപതിന് മുകളിൽ പ്രായമുള്ളവർ മുതൽ 17 വയസുള്ള വിദ്യാർഥിനികൾ വരെ 33 പേരടങ്ങുന്ന കുരുവട്ടൂരിലെ സ്വരലയം വനിത ശിങ്കാരിമേളം സംഘമാണ് കോഴിക്കോടിന്റെ ഓണാഘോഷം ‘മാവേലിക്കസ് 2025’ന്റെ മാനാഞ്ചിറയിലെ വേദിയെ താളം മുഴക്കി ചുവട് വെച്ച് കയ്യിലെടുത്തത്.
2011ൽ കുരുവട്ടൂർ പഞ്ചായത്തിൽ സ്ത്രീഘടക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ ധനസഹായത്തോടെ തുടങ്ങിയ തൊഴിൽ സംരംഭമായ സ്വരലയം വനിതാ ശിങ്കാരിമേളം നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ 1700ൽ അധികം വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ സംസ്ഥഥാന കലോത്സവത്തിൽ ശിങ്കാരിമേളം മത്സരത്തിൽ തുടർച്ചയായി ആറ് തവണ ഒന്നാം സ്‌ഥാനം ലഭിച്ചതും ഇവർക്കാണ്.
ഗോത്ര കലകളുടെ പകർന്നാട്ടവുമായി ഉണർവ്
ഗോത്ര കലാരൂപങ്ങളുടെ ഉണർത്തുപ്പാട്ടുമായി ഉണർവ്വ് വയനാട് കലാ പഠനകേന്ദ്രത്തിന്റെ പകർന്നാട്ടവും മാനാഞ്ചിറയിലെ അരങ്ങിലെത്തി. രണ്ടര മണിക്കൂർ നീണ്ട പരിപാടിയിൽ 17 കലാകാരന്മാർ ചേർന്ന് വിവിധ ജില്ലകളിലെ തനത് ഗോത്ര കലാരൂപങ്ങളായ മുടിയാട്ടം, വട്ടക്കളി, മുറം കളി, ജെയ്നു കുറുമ്പ, മലപ്പുലയാട്ടം, പരുന്താട്ടം, വട്ട മുടിയാട്ടം, ബാംബൂ ഡാൻസ് എന്നിവയാണ് അരങ്ങിലെത്തിച്ചത്.
നാടൻ കലകൾക്ക് കൂടുതൽ കരുത്തേകുന്നതിനായി തുടങ്ങിയ സ്ഥാപനമാണ് വയനാട്ടിലെ ഉണർവ് നാടൻകലാ പഠന കേന്ദ്രം. രമേശ് ഉണർവിന്റെ നേതൃത്വത്തിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള വേദികളിലായി ഉണർവിന്റെ നേതൃത്വത്തിൽ തനത് ഗോത്ര കലാരൂപങ്ങൾ അവതരിപ്പിക്കാറുണ്ട്.
