തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള കാമ്പസുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും ആകർഷിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഈ വിഷയത്തില്‍ സംസ്ഥാന ഇന്റലിജൻസ് വകുപ്പ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടോ, കാമ്പസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന ചോദ്യങ്ങൾക്കും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇക്കാര്യത്തിൽ പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് സർക്കാർ പഠനം നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിനും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഷാഫി പറമ്പിൽ, എം.പി.അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സജീവ് ജോസഫ്, നജീബ് കാന്തപുരം, ഡോ.എം.കെ.മുനീർ,പി.കെ.ബഷീർ,യു.എ.ലത്തീഫ് എന്നിവരുടേതായിരുന്നു ചോദ്യങ്ങൾ.
