അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ശശി തരൂർ എം.പിക്ക് തെലങ്കാനയിൽ തിരിച്ചടി.പ്രചാരണത്തിനായി ഹൈദരാബാദിലെത്തിയ തരൂർ മുതിർന്ന നേതാക്കളെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തരൂരിൻ്റെ പ്രചാരണത്തിൽ നിന്ന് തെലങ്കാന പിസിസി പൂർണ്ണമായും വിട്ടുനിന്നു. സമൂഹമാധ്യമങ്ങളിൽ പിന്തുണച്ചവരും പിന്നോട്ട് മാറിയ സാഹചര്യമാണുള്ളത്. നാമനിർദേശപത്രിക പിൻവലിക്കാൻ തെലങ്കാന പി.സി.സി ശശി തരൂരിനോട് ആവശ്യപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി ചിന്താ മോഹന്‍ ഉള്‍പ്പെടെയുള്ളവരാണ് ആവശ്യം ഉന്നയിച്ചത്.ഗാന്ധി ജയന്തി ദിനത്തില്‍ വാർധയിലെ ഗാന്ധി സേവാഗ്രാമത്തിലായിരുന്നു തരൂർ പ്രചാരണത്തിന് എത്തിയത്.തരൂർ ഇന്നലെ നടത്തിയ പ്രചാരണ പരിപാടിയിൽ നിന്ന് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
ഇന്ന് പ്രചാരണത്തിനായി തിരുവനന്തപുരത്താണ് തരൂര്‍ ഉള്ളത്.സംസ്ഥാനത്തെ നേതാക്കളുടെ വോട്ടു തേടുന്നതിനാണ് തരൂരിന്റെ സന്ദര്‍ശനം. കൂടിക്കാഴ്ച നടത്തേണ്ട നേതാക്കളുടെ പട്ടിക തരൂര്‍ ക്യാമ്പ് തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ മല്ലികാര്‍ജുന്‍ ഘാര്‍ഗെയ്ക്ക് പിന്തുണയറിയിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു.

ഒരോ ദിവസം ഓരോ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ശശി തരൂരിന്റെ പ്രചരണം. ഇന്ന് തിരുവനന്തപുരത്തുള്ള തരൂർ കെ.പി.സി.സി ആസ്ഥാനത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മാറ്റമാഗ്രഹിക്കുന്നവർ തനിക്ക് വോട്ടുചെയ്യണമെന്നാണ് തരൂരിന്റെ അഭ്യർഥന.എംപിമാരായ എം കെ രാഘവനും ഹൈബി ഈഡനും മാത്യു കുഴൽനാടൻ എംഎൽഎയുമാണ് ഇതിനകം തരൂരിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. മുൻ എംഎൽഎമാരിൽ തമ്പാനൂർ രവിയും കെ എസ് ശബരീനാഥനും തരൂരിനെ അനുകൂലിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, പി.സി.സികള്‍ പൊതുവെ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെയാണ് പിന്തുണയ്ക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *