കണ്ണൂർ പാനൂർ നഗരസഭാ സെക്രട്ടറിയുടേതായി പ്രചരിക്കുന്ന ഫോൺ സംഭാഷണം വിവാദത്തിൽ. കടുത്ത വർഗീയ പരാമർശങ്ങളുള്ള ശബ്ദരേഖ പുറത്തായതിന് പിന്നാലെ, ഭരണകക്ഷിയായ മുസ്ലിം ലീഗ് പൊലീസിൽ പരാതി നൽകി. വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് സെക്രട്ടറി പ്രവീണിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ഉദ്യോഗസ്ഥനെതിരെ സിപിഎമ്മും രംഗത്തെത്തി.

പാനൂർ നഗരസഭാ സെക്രട്ടറി പ്രവീണും ഓഫീസിലെ ജീവനക്കാരനും തമ്മിലുള്ളത് എന്ന പേരിലാണ് ഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. വർഗീയ പരാമർശങ്ങൾ അടങ്ങിയതാണ് പ്രചരിക്കുന്ന ഫോൺ സംഭാഷണം. നഗരസഭാ ചെയർമാനെതിരെയും കൗൺസിലർമാർക്കെതിരെയും വിദ്വേഷ പരാമര്‍ശങ്ങളും അസഭ്യവും നിറഞ്ഞതാണ് സംഭാഷണം. സംഭവത്തില്‍ സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മുസ്ലിം ലീഗ് സമരത്തിനിരങ്ങി. പൊലീസിലും പരാതി നൽകി.

സ്വകാര്യ സംഭാഷണത്തിലാണ് വിദ്വേഷ പരാമ‍ർശങ്ങള്‍ ഉള്ളത്. അതുകൊണ്ട് നിയമോപദേശം തേടിയ ശേഷം മാത്രം സെക്രട്ടറിക്കെതിരെ കേസെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം. തനിക്കെതിരെയുളളത് ഗൂഢാലോചനയെന്നും ശബ്ദം തന്‍റേതെന്ന് എവിടെയും വ്യക്തമല്ലെന്നും സെക്രട്ടറി വാദിക്കുന്നു. എന്നാല്‍, വർഗീയ വേർതിരിവ് സെക്രട്ടറിക്ക് നേരത്തെയുമുണ്ടെന്നാണ് ലീഗ് ആരോപണം. സംഭവത്തില്‍ വകുപ്പുതല നടപടിയും യുഡിഎഫ് ആവശ്യപ്പെടുന്നു. വിദ്വേഷ പരാമർശങ്ങൾ തള്ളിയ സിപിഎമ്മും സെക്രട്ടറിക്കെതിരെയുളള കൗൺസിൽ തീരുമാനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *