പരപ്പനങ്ങാടി: റോഡിലെ കരുതലിന്റെ ബാലപാഠങ്ങൾ കുരുന്നുമനസ്സുകളിലേക്ക് പകർന്നുനൽകുന്ന മദ്രസാ പാഠപുസ്തകത്തിന് മോട്ടോർവാഹന വകുപ്പിന്റെ അനുമോദനം. കോഴിക്കോട് മർകസുദ്ദഅവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (സി.ഐ.ഇ.ആർ.) പുറത്തിറക്കുന്ന പാഠപുസ്തകങ്ങളിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് റോഡിലെ മര്യാദകളും നിയമസാക്ഷരതയും അവ പാലിക്കുന്നതിന്റെ പ്രാധാന്യവും ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്യരൂപത്തിലും സൂചനാരൂപത്തിലും അഭ്യാസരൂപത്തിലുമെല്ലാം റോഡ്‌നിയമങ്ങളും മര്യാദകളും വളരെ ശാസ്ത്രീയമായും വിശദമായും പഠിപ്പിക്കുന്നുണ്ട്. 2003 മുതലാണ് കെ.എൻ.എം മർകസുദ്ദഅവയ്ക്കു കീഴിൽ സി.ഐ.ഇ.ആർ. പ്രവർത്തനമാരംഭിച്ചത്. സംസ്ഥാനത്തും വിദേശത്തുമായി നിരവധി മദ്രസകളും സ്‌കൂളുകളും ഈ പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്നുണ്ട്.

കുട്ടികളുടെ റോഡ്‌സുരക്ഷാ പഠനം നേരിട്ട് കാണുന്നതിനും സി.ഐ.ഇ.ആറിനെ മോട്ടോർവാഹന വകുപ്പിന്റെ അനുമോദനമറിയിക്കുന്നതിനുമായി പരപ്പനങ്ങാടി സോഫ്റ്റ് അക്കാദമി കാമ്പസിലുള്ള മദ്രസത്തുൽ ഇസ്ലാഹിയ്യയിൽ മലപ്പുറം എൻഫോഴ്‌സ്മെന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ എം.കെ. പ്രമോദ് ശങ്കർ എത്തി. അക്കാദമിക് കൺവീനർ റഷീദ് പരപ്പനങ്ങാടിയെ അദ്ദേഹം തങ്ങളുടെ അഭിനന്ദനവും പിന്തുണയും അറിയിച്ചു.

എ.എം.വി.ഐ. ഷബീർ പാക്കാടൻ, ഗഫൂർ കരുമ്പിൽ, പരപ്പനങ്ങാടി എജ്യുക്കേഷണൽ കോംപ്ലക്‌സ് ആൻഡ് ചാരിറ്റി സെന്റർ ജനറൽ സെക്രട്ടറി ഇ.ഒ. അബ്ദുൽഹമീദ്, അഡ്മിനിസ്‌ട്രേറ്റർ മൻസൂർ അലി ചെമ്മാട്, മദ്രസത്തുൽ ഇസ്ലാഹിയ്യ സദർ ഇ.ഒ. അബ്ദുന്നാസർ, പി. ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *