കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും. സേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലന്‍സിലേക്ക് കൈമാറാന്‍ സാധിക്കും എന്നത് കാലതാമസവും ഒഴിവാക്കാന്‍ സഹായകമാകും. ഈ മാസം മൊബൈല്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് പദ്ധതി ആരംഭിച്ച് നാല് വര്‍ഷം പിന്നിടുമ്പോള്‍ 7,89,830 ട്രിപ്പുകളാണ് ഓടിയത്. ഇതില്‍ 3,45,867 ട്രിപ്പുകള്‍ കോവിഡ് അനുബന്ധവം 198 ട്രിപ്പുകള്‍ നിപ അനുബന്ധവും ആയിരുന്നു. നാളിതുവരെ 90 പ്രസവങ്ങളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ നടന്നത്. നിലവില്‍ 316 ആംബുലന്‍സുകളും 1300 ജീവനക്കാരും ആണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നത്.

തിരുവനന്തപുരം ജില്ലയിയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ 108 ആംബുലന്‍സുകള്‍ ഓടിയത്. ഇവിടെ 1,17,668 ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടി. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് ട്രിപ്പുകള്‍ ഓടിയത്. ഇവിടെ 23,006 ട്രിപ്പുകളാണ് 108 ആംബുലന്‍സുകള്‍ ഓടിയത്.

Leave a Reply

Your email address will not be published. Required fields are marked *